കൊല്ലം : കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ പ്രീമൺസൂൺ കാമ്പയിന്റെ ഭാഗമായി പുതിയകാവ് മുതൽ വവ്വാക്കാവ് വരെയുള്ള ദേശീയ പാതയോരം ശുചീകരിച്ച് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. പുതിയകാവ് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നിന്ന് നാളെ രാവിലെ 9 മണിയ്ക്ക് ശുചീകരണ പരിപാടികൾ ആരംഭിക്കും.
വ്യാപാരി വ്യവസായികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ആശാ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്നു. വാർഡ് തലത്തിൽ നടക്കുന്ന പരിപാടികളിൽ വീട്ട് പരിസരങ്ങൾ, ജലനിർഗമന മാർഗങ്ങൾ, മാർക്കറ്റുകൾ മറ്റ് പൊതു ഇടങ്ങൾ തുടങ്ങിയവയും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടക്കും.
നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും നടത്തുന്നവർക്കെതിരെയും പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.