wste
കെ.ഐ.പി കനാലിന്റെ കലുങ്കിന് സമീപത്തെ മാലിന്യനിക്ഷേപം

കരുനാഗപ്പള്ളി: ഏഴാംമൈൽ പാലത്തുംകടവ് റോഡിലെ കൈരളി വായനശാലയ്ക്ക് സമീപമുള്ള കെ.ഐ.പി കനാലിന്റെ കലുങ്കിന് സമീപത്ത് കോഴിവേസ്റ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണെന്ന് പരാതി. ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച മുക്കാലടി വ്യാസത്തിലുള്ള സിമന്റ് പൈപ്പാണ് ഇവിടെ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള ഏകവഴി. മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാനാവില്ലെന്ന് കാൽനട - വാഹന യാത്രക്കാർ പറയുന്നു.
കുടുംബശ്രീ മുഖേന പല തവണ നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പി.ഡബ്ല്യു.ഡി റോഡിന്റെ പണി നടക്കുന്ന ഈ സമയത്തെങ്കിലും ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഇടുങ്ങിയ പൈപ്പ് മാറ്റി കലുങ്കുകെട്ടി മാലിന്യം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.