കൊല്ലം: കൊവിഡ് വ്യാപനത്തിനിടയിലും യാത്രക്കാരുടെ മുറവിളിയെ തുടർന്ന് ആരംഭിച്ച കൊല്ലത്ത് നിന്നുള്ള ഏക മെമു ട്രെയിൻ യാത്രക്കാർക്ക് ഗുണമില്ലാതെ നട്ടപ്പാതിരായ്ക്ക് സർവീസ് നടത്തുന്നു.
പുലർച്ചെ 3.30നാണ് മെമു കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. അതുകൊണ്ട് തന്നെ വിരലിലെണ്ണാവുന്ന യാത്രക്കാരേ ഉണ്ടാകുള്ളു. ഭൂരിഭാഗം ബോഗികളും കാലിയായിരിക്കും. അലപ്പുഴ വഴി എറുണാകുളം പോയി രാത്രി 7ന് കൊല്ലത്ത് മടങ്ങിയെത്തും. രാവിലെ എറണാകുളം അടുക്കാറാവുമ്പോൾ മാത്രമാണ് കുറച്ച് യാത്രക്കാർ കയറുന്നത്.
എറണാകുളത്തോ ആലപ്പുഴയ്‌ക്കോ പോകേണ്ടവർക്ക് പുലർച്ചെ നാല് കഴിഞ്ഞ് ഏറനാടുണ്ട്. പിന്നീട് ജനശതാബ്ദിയുമുണ്ട്. കോട്ടയം ഭാഗത്തേയ്ക്ക് പാലരുവിയും വേണാടുമുണ്ട്. എട്ട് മുതലാണ് ഏറ്റവും കൂടുതൽ ആളുകൾ ഓഫീസുകളിൽ പോകാൻ യാത്ര ചെയ്യുന്നത്. ഈ സമയത്ത് ട്രെയിൻ ഇല്ലാത്തതിനാൽ വലിയ തുക കൊടുത്ത് ബസിലാണ് പലരും യാത്ര ചെയ്യുന്നത്.
സ്ഥിരം യാത്രക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ രാവിലെ എട്ട് മുതൽ പതിനൊന്ന് വരെ ആലപ്പുഴയ്ക്ക് ട്രെയിനില്ല. ഈ സമയത്ത് മെമു ഓടിച്ചാൽ നൂറുകണക്കിന് ആളുകൾക്ക് ഗുണകരമാകും. ഇത് പരിഗണിക്കാതെയാണ് പുലർച്ചെ സർവീസ് ആരംഭിക്കുന്നത്. നേരത്തെയുള്ള 8.10ന് പുറപ്പെടുന്ന കോട്ടയം മെമുവിന്റെ സമയക്രമം സ്വീകരിച്ചാൽ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. ഇപ്പോൾ രാത്രി മടങ്ങിവരുമ്പോൾ മാത്രമാണ് മെമു യാത്രക്കാർക്ക് ഗുണകരമാകുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ പ്രതികരണത്തിന് റെയിൽവേ തയ്യാറല്ല.
''
ആരും യാത്ര ചെയ്യാനില്ലാത്ത സമയത്ത് മെമു വിടുന്നത് യാത്രക്കാരോടുള്ള ദ്രോഹമാണ്. യാത്രക്കാർക്ക് ഗുണമായ തരത്തിൽ സമയം ക്രമീകരിക്കണം.
ലിയോൺസ്, ജനറൽ സെക്രട്ടറി
ഫ്രണ്ട്‌സ് ഓൺ റെയിൽസ്
മെമു പുറപ്പെടുന്നത്: പുലർച്ചെ 3.30ന്
തിരികെയെത്തുന്നത്: വൈകിട്ട് 7ന്
സ്റ്റോപ്പ്: എല്ലാ സ്റ്റേഷനുകളിലും
മെച്ചം: സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാം