കരാറുകാർ പ്രതിഷേധത്തിൽ
കൊല്ലം: ജില്ലയിലെ പാറ അനുബന്ധ ഉത്പന്നങ്ങൾക്ക് ക്വാറി ഉടമകൾ നിരന്തരം വില വർദ്ധിപ്പിക്കുന്നതിനെതിരെ സർക്കാരും ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് ഓൾ കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്വാറി ഉത്പന്നങ്ങളുടെയും അസംസ്‌കൃത സാധനങ്ങളുടെയും അമിത വിലവർദ്ധനവിൽ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പരാതി നൽകാൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എസ്. ബൈജു അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കരയും സംസ്ഥാന ട്രഷറർ തൃദീപും സന്നിഹിതരായിരുന്നു.
ജില്ലയിൽ ഒരുവർഷം മുൻപ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സംഘടനാ ഭാരവാഹികളും മറ്റ് തൊഴിലാളികളും ക്വാറി ഉടമസ്ഥരുമായി കരാറൊപ്പിട്ടിരുന്നു. എല്ലാവരുമായും ചർച്ച ചെയ്ത് മാത്രമേ വില കൂട്ടാവൂ എന്നായിരുന്നു ധാരണ. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ വില വർദ്ധന. അടിക്ക് 26 രൂപ നിരക്കിൽ നൽകിയിരുന്ന പാറയ്ക്ക് ഇപ്പോൾ 30 രൂപയാണ് ഈടാക്കുന്നത്. ചാക്കൊന്നിന് 380 രൂപയായിരുന്ന സിമെന്റിന് 460 രൂപയായി. മണൽ, കമ്പി തുടങ്ങിയവയ്ക്കെല്ലാം ഷെഡ്യൂൾ റേറ്റിനേക്കാൾ 40 ശതമാനം വില വർദ്ധിച്ചു. പഴയ റേറ്റിലെടുത്ത വൻകിട - ചെറുകിട പണികളെല്ലാം ഇതോടെ നിറുത്തിവയ്ക്കേണ്ട അവസ്ഥയിലാണ്. ജില്ലാ സെക്രട്ടറി ദിലീപ്കുമാർ, ട്രഷറർ ഹരി, പ്രദീപ്കുമാർ, ഷിബി, സുരേഷ്, സുനിൽ ദത്ത്, അനീഷ്, അനിൽകുമാർ, സലീം, ഗോപി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ലേല രീതി നടപ്പാക്കണം
ക്വാറി ഉത്പന്നങ്ങൾക്ക് ലേല രീതി നടപ്പാക്കിയാൽ സർക്കാരിന് ലാഭവും ഉപഭോക്താക്കൾക്ക് നിശ്ചിത വിലയ്ക്കും സാധനങ്ങൾ ലഭിക്കും. മറ്റ് ജില്ലകളിൽ ഇത്രയധികം വിലവർദ്ധനവില്ല. എല്ലാ ജില്ലയിലും കരാറുകാർക്ക് ഷെഡ്യൂൾ റേറ്റ് ഒന്നാണ്.
നേരത്തേയുള്ള ഷെഡ്യൂൾ റേറ്റ് (ക്യുബിക് അടി)
20 എം.എം മെറ്റൽ: 32 രൂപ
06 എം.എം മെറ്റൽ: 28 രൂപ
ചിപ്‌സ്: 29 രൂപ
പാറപ്പൊടി: 32 രൂപ
എം സാന്റ്: 40 രൂപ
കരിങ്കല്ല്: 20 രൂപ