പുനലൂർ: കൊവിഡ് രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വാർഡ്തല മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കാൻ പുനലൂർ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട്, തഹസീൽദാർ, വില്ലേജ് ഓഫിസർമാർ, നഗരസഭ ചെയർപേഴ്സൺ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എന്നിവർ അടങ്ങിയ മോണിറ്ററിംഗ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നഗരസഭ ചെയർപേഴ്സൺ നിമ്മിഎബ്രഹാമിന്റെ ചേംബറിൽ ഇന്നലെ പ്രത്യേക യോഗം ചേർന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാവശ്യമായ ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടി ആഴ്ചയിൽ ഒരു ദിവസം മൈക്ക് അനൗൺസ്മെന്റ് നടത്തും.നഗരസഭയിലെ 4 പ്രധാന കേന്ദ്രങ്ങളിൽ ഗ്രീൻ വാളണ്ടിയർമാരുടെ സഹായത്തോടെ ജനങ്ങൾക്ക് സാനിറ്റൈസർ വിതരണം ചെയ്യും. കൊവിഡ് വാക്സിനേഷൻ സെന്ററുകൾ നഗരസഭയിലെ ജനസംഖ്യാനുപാതീകമായി വർദ്ധിക്കും. ഒരാഴ്ചയായി പുനലൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ച് വരുന്നത് കണക്കിലെടുത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ പഴയ നിലയിലാക്കാൻ യോഗം തീരുമാനിച്ചത്.ഇന്ന് രാവിലെ 9ന് പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചെയർപേഴ്സണിന് പുറമെ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്ത രഞ്ചൻ, പുഷ്പലത, കെ.കനകമ്മ, പി.എ.അനസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.