covid

 സ്റ്റോക്കുള്ളത്: 15,000 ഡോസ്

കൊല്ലം: ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമായി. ഇന്നലെ രാത്രി വൈകി എത്തിയ 10,000 സഹിതം 15,000 ഡോസ് വാക്സിൻ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. ഇന്നോ നാളെയോ കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വാക്സിനേഷൻ മുടങ്ങും. ഇന്നും കഷ്ടിച്ച് 35 കേന്ദ്രങ്ങളിലേ വാക്സിനേഷൻ നടക്കുകയുള്ളു.

ജില്ലയിൽ 120 കേന്ദ്രങ്ങളിൽ വരെ വാക്സിനേഷൻ നടന്നിരുന്നു. വാക്സിൻ ക്ഷാമത്തെ തുടർന്ന് ഇന്നലെ 40 കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിനേഷൻ നടന്നത്. മുൻകൂട്ടി നിശ്ചയിച്ച വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള മെഗാ വാക്സിനേഷൻ ക്യാമ്പുകൾക്ക് വളരെക്കുറച്ച് ഡോസ് മാത്രമാണ് നൽകുന്നത്. മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കൂടുതൽ സന്നദ്ധ സംഘടനകൾ ജില്ലാ മെഡിക്കൽ ഓഫീസിനെ സമീപിക്കുന്നുണ്ടെങ്കിലും പ്രോത്സാഹിപ്പിക്കുന്നില്ല. സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ വിതരണം നിറുത്തിവച്ചു. ഒരാഴ്ച മുൻപാണ് ഏറ്റവും ഒടുവിൽ ജില്ലയിൽ വാക്സിൻ നൽകിയത്. കൊവിഷീൽഡ് വാക്സിൻ സ്റ്റോക്ക് തീർന്നതിനാൽ ഇന്നലെ രണ്ടാം ഡോസ് എടുക്കാനെത്തിയവർ നിരാശരായി മടങ്ങി.

 വരും ദിവസങ്ങളിൽ കൊവാക്സിൻ

ഇന്നലെ വാക്സിനേഷൻ അവസാനിച്ചപ്പോൾ 5,000 ഡോസ് കൊവാക്സിൻ മാത്രമാണ് അവശേഷിച്ചത്. ഇന്നലെ രാത്രി വൈകിയെത്തിയതിൽ കൊവിഷീൽഡും കൊവാക്സിനും ഉണ്ട്. ജില്ലയിൽ ആദ്യം മുതൽ കൊവിഷീൽഡാണ് നൽകിയിരുന്നത്. കൊവിഷീൽഡിന്റെ ആദ്യ ഡോസ് എടുത്ത വലിയൊരു വിഭാഗത്തിന് രണ്ടാമത്തെ ഡോസ് എടുക്കേണ്ട സമയമായി. അതുകൊണ്ട് തന്നെ ഇന്നലെ എത്തിയ കൊവിഷീൽഡ് രണ്ടാം ഡോസിനായി മാറ്റിവയ്ക്കാനാണ് സാദ്ധ്യത. നേരത്തെ ശരാശരി 12,000 മുതൽ 20,000 പേർക്ക് വരെ ജില്ലയിൽ ഒരു ദിവസം വാക്സിൻ നൽകിയിരുന്നു. ഇന്നലെ പതിനായിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് വാക്സിൻ നൽകിയത്.

 ജില്ലയിൽ വാക്സിനേഷൻ ഇതുവരെ (വ്യാഴാഴ്ച വരെ)

ആദ്യ ഡോസ് സ്വീകരിച്ചവ‌ർ: 3,62,176

രണ്ടാം ഡോസ് സ്വീകരിച്ചവർ: 34,513