കൊല്ലം : കൊവിഡ് രണ്ടാം ഘട്ട വ്യാപന സാദ്ധ്യത പരമാവധി ഇല്ലാതാക്കാൻ ജില്ലയിൽ ഇന്നലെ മുതൽ കർക്കശ പരിശോധനകൾ തുടങ്ങി. എ.ഡി.എം അലക്‌സ് പി. തോമസ്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ താലൂക്ക്തല പരിശോധനകൾ നടന്നത്.
സബ് കളക്ടർ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ വിവിധ മേഖലകളിൽ പരിശോധന നടത്തി. മാർക്കറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കുന്നത്തൂരിൽ എ.ഡി.എം അലക്‌സ് പി. തോമസ്, എൽ.ആർ തഹസീൽദാർ എം. നിസാം എന്നിവർ നേതൃത്വം നൽകി. 41 കേസുകൾക്ക് താക്കീതും നാലെണ്ണത്തിന് പിഴയും ഈടാക്കി. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിന്റെ നേതൃത്വത്തിൽ അഞ്ച് സ്‌ക്വാഡുകളായി കൊട്ടാരക്കര ചന്തമുക്ക്, പുലമൺ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി.
കരുനാഗപ്പള്ളിയിൽ കുലശേഖരപുരത്തെ മാർജിൻ ഫ്രീ മാർക്കറ്റിൽ രജിസ്റ്റർ സൂക്ഷിക്കാത്തതിന് 3000 രൂപ പിഴ ഈടാക്കി. 10 കേസുകളിൽ താക്കീത് നൽകി. ഡെപ്യൂട്ടി കളക്ടർ പ്രിയ ഐ. നായർ, ജൂനിയർ സൂപ്രണ്ട് സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. പത്തനാപുരം താലൂക്കിൽ എൽ.ആർ. ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിൽ ലാലിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി നടത്തിയ പരിശോധനയിൽ 37 കേസുകൾ രജിസ്റ്റർ ചെയ്തു. 34 കേസുകൾക്ക് താക്കീതും മൂന്നെണ്ണത്തിന് പിഴയും നൽകി.