കൊല്ലം: നീണ്ടകര ഹാർബറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തെ തുടർന്ന് തൊഴിലാളികൾ രണ്ട് മണിക്കൂറോളം പണിമുടക്കി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഏഴരക്കായിരുന്നു സംഭവം. കൊല്ലുകടവിൽ നിന്ന് മത്സ്യം വാങ്ങാനെത്തിയ ഷാജി എന്ന തൊഴിലാളിയെ അകാരണമായി ലേലക്കാരൻ മർദ്ദിച്ചെന്ന ആരോപണത്തെ തുടർന്നാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. തുടർന്ന് ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ പണിമുടക്കി ഹാർബറിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് ചവറ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി. മർദ്ദിച്ചവർക്കെതിരെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന പൊലീസിന്റെ ഉറപ്പിൽ ഒൻപതോടെ തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിന്മാറി.