crime

കൊല്ലം : നടി മുതൽ ആംബുലൻസിൽ കൊവിഡ് രോഗിവരെ അതിക്രമത്തിനിരയായ സംസ്ഥാനത്ത് പീഡനക്കേസുകൾ പെരുകുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് സർക്കാരും പൊലീസും ആവർത്തിക്കുകയും കേസുകളിൽ പ്രതികളെ പിടികൂടിയെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോഴാണ് പിഞ്ചുബാലികമാർ മുതൽ വൃദ്ധരെ വരെ സംസ്ഥാനത്ത് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുന്ന സാഹചര്യമുള്ളത്.

സ്ത്രീസമത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ‘വനിതാ മതിൽ’കെട്ടിപ്പൊക്കിയ സംസ്ഥാനത്ത് ഒരു വർഷം ശരാശരി 1400ൽ അധികം മാനഭംഗ കേസുകൾ രജിസ്റ്റർ ചെയ്യുന്നതായാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ രേഖകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ മാനഭംഗ കേസുകൾ മൂന്ന് ഇരട്ടിയായാണ് വർദ്ധിച്ചത് . 2010 മുതൽ 2019 വരെ ഓരോ വർഷവും മാനഭംഗകേസുകളുടെ എണ്ണം വർദ്ധിക്കുകയാണ് ഉണ്ടായത്. 2010 ൽ 617 മാനഭംഗകേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇത് 2019 ആയപ്പോഴേക്കും 2076 ആയി ഉയർന്നു. പത്ത് വർഷത്തിനിടയിൽ 45,046 ലൈംഗികാതിക്രമക്കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ,​ തടഞ്ഞ് വയ്ക്കൽ തുടങ്ങിയ 1777 സംഭവങ്ങളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ റിപ്പോർട്ടായത്. ഇത് കൂടാതെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്യൽ, സ്ത്രീധന മരണം, ഭർത്തൃ,ബന്ധു പീഡനം, സ്ത്രീകൾക്ക് എതിരെയുള്ള മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയവയും വർദ്ധിച്ചു.

#നടി മുതൽ നാടോടിവരെ ഇരകൾ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതടക്കം കേരളം ഞെട്ടിത്തരിച്ച പീഡനസംഭവങ്ങളും കുറ്റകൃത്യങ്ങളും അനവധിയാണ്. വീട്ടിലും ജോലി സ്ഥലത്തും യാത്രാവേളയിലും സ്കൂൾ- കോളേജുകളിലുമൊന്നും സ്ത്രീ സുരക്ഷിതയല്ല. സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിയ്ക്കും പെരുമ്പാവൂർ കൊലപാതകത്തിൽ അമീർ ഉൾ അസ്ലമിനും ലഭിച്ച ശിക്ഷാവിധികളിലും വീണ്ടുവിചാരമുണ്ടാകാത്ത ക്രിമിനലുകൾ തരംകിട്ടുമ്പോഴെക്കെ കൊച്ചുകുട്ടികളെ വരെ ക്രൂര ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി കശക്കിയെറിയുന്നു. അച്ഛനും രണ്ടാനച്ഛനും മുത്തച്ഛനും സഹോദരനും അദ്ധ്യാപകനും അയൽവാസിയും മാറിയും തിരിഞ്ഞും പ്രതികളാകുന്നു. പുരോഹിതൻമാരും പൂജാരികളും വേട്ടക്കാരുടെ പട്ടികയിലായി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ സന്ദ‌ർശനത്തിനെത്തിയ വിദേശവനിതയും മലയാളിയുടെ ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്കിരയായി കൊലചെയ്യപ്പെട്ടപ്പോൾ നാടിനുണ്ടായത് മറ്രൊരു അപമാനം. തലസ്ഥാന ജില്ലയിൽ കഠിനം കുളത്ത് യുവതിയെ മദ്യം നൽകി ഭർത്താവ് സുഹൃത്തുക്കൾക്ക് കാഴ്ചവച്ചതും അടുത്തിടെയാണ്. മനോരോഗികളെപ്പോലും നൈമിഷിക സുഖത്തിന് ഇരകളാക്കിയ സംഭവങ്ങൾ അനവധി. നവമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട് ഇഷ്ടപ്പെടുന്നവർക്ക് സർവ്വതും സമർപ്പിച്ച് മാനഹാനിയിൽ ജീവനൊടുക്കിയവരും പീഡന കഥകൾ പുറം ലോകം അറിയാതിരിക്കാൻ ഇരകളെ വകവരുത്തിയതും സാക്ഷരകേരളത്തിലെ കറുത്ത അടയാളങ്ങളാണ്.കേരളത്തിൽ വ്യാപകമാവുന്ന മയക്കുമരുന്നിന്റെ ഉപയോഗം മനസ്സുകളെ വികലവും വൈകൃതവുമാക്കുന്നു. അത്തരം മനസ്സുകൾക്ക് വരുംവരായ്കകളിൽ പേടിയില്ല. മയക്കുമരുന്ന് ഉപയോക്താക്കൾ ധാർമ്മികതയോ ബന്ധങ്ങളെയോ മാനിക്കുന്നില്ല. അവർ അതിനും അപ്പുറം ഏതോ ലോകത്തിലാണ്. പീഡനക്കേസുകളിലും മരണങ്ങളിലുമെല്ലാം പ്രത്യേക ടീമുകൾക്ക് അന്വേഷണം കൈമാറിയും ഇരകളുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ഭരണകൂടങ്ങൾ ജനങ്ങളുടെ കണ്ണിൽപൊടിയിടുമ്പോൾ വാളയാർസഹോദരിമാരുടേത് പോലെ ചില കേസുകൾ കള്ളക്കളികളിലൂടെ വീണ്ടും കുപ്രസിദ്ധമാകും. കേസുകളിൽ പ്രതികളെ കൈയ്യോടെ പിടികൂടുകയും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകുകയും ചെയ്തിട്ടും നടിമാരും നാടോടിമാരുമായി ഇരയാക്കപ്പെടുന്നവരുടെ എണ്ണം പെരുകുമ്പോൾ വീണ്ടും തലകുനിക്കുകയാണ് കേരളം.

മാനഭംഗ കേസിലെ വർദ്ധന ഇങ്ങനെ

2010 - 617
2011-1132
2012-1019
2013-1221
2014-1347
2015-1256
2016-1656
2017-2003
2018-2005
2019 - 2076

2020-2107