ചാത്തന്നൂർ: വർഷങ്ങളായി ഒാടകൾ വൃത്തിയാക്കാത്തതിനെ തുടർന്ന് ചാത്തന്നൂർ ജംഗ്ഷനിൽ മഴപെയ്താൽ വെള്ളക്കെട്ട്. ജംഗ്ഷനിൽ ദേശീയപാതയോടു ചേരുന്ന സംസ്ഥാന ഹൈവേയിൽ ഓട നിർമ്മിച്ചിട്ടുമില്ല. നിലവിൽ റോഡിനെക്കാൾ ഉയരത്തിലാണ് ഇവിടെ ഓടകളുടെ മുകൾഭാഗം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയപാതയിലേയ്ക്ക് എത്തുന്ന മഴവെള്ളം ഓടയിലേയ്ക്ക് ഒഴുകി മാറണമെങ്കിൽ ജി.വി.എച്ച്.എസ്.എസിനു സമീപത്തെ കലുങ്കുവരെ എത്തണം.
ജംഗ്ഷനിലെ ചില കെട്ടിടങ്ങളിൽ നിന്ന് പലതരം മാലിന്യങ്ങൾ ഓടയിലേയ്ക്ക് തുറന്നു വിടുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതരും ദേശീയപാതാ അധികൃതരും ചേർന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അത് പൂർണമായി ഒഴിവാക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഓടയിലേയ്ക്കു തുറക്കുന്ന ഇത്തരം പൈപ്പുകളിൽ പലതും ഇപ്പോഴും സജീവമാണ്. മഴപെയ്ത് റോഡ് വെള്ളക്കെട്ടാവുമ്പോൾ ഇത്തരം മാലിന്യങ്ങൾ ദേശീയപാതയിലൂടെ ഒഴുകി സ്കൂളിനു മുന്നിലെത്തും.
എത്രയും വേഗം ഓട വൃത്തിയാക്കി പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.