ഓച്ചിറ: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനായി ഓച്ചിറ ഗ്രാമപഞ്ചായത്തിൽ ക്ലീൻ ഓച്ചിറ ചലഞ്ച് നടപ്പിലാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ചാണ് പ്രവൃത്തി നടക്കുന്നത്.
പൊതു ഓടകളിലേക്ക് ശുചി മുറി, അടുക്കള, എന്നിവിടങ്ങളിൽ നിന്ന് മാലിന്യം തള്ളുന്നതിന് പൈപ്പ് സ്ഥാപിച്ചിട്ടുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കുന്നതും അവർക്ക് മേൽ പിഴ ചുമത്തുകയും ചെയ്യും.മാലിന്യ സംസ്കരണത്തിന് സ്വന്തമായോ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേനയോ സംവിധാനങ്ങൾ ഏർപ്പെടുത്തണം.
ടെറസിലെ വെള്ളം മഴവെള്ള സംഭരണിയിലോ കിണർ റീചാർജിംഗിനോ ഉപയോഗിക്കാതെ പൈപ്പ് മുഖേന പൊതുവഴിയിലേക്ക് ഒഴുക്കിവിടുന്നവർ ഒരാഴ്ചയ്ക്കകം സ്വന്തം ഭൂമിയിൽ തന്നെ സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.
മുൻകൂർ അറിയിപ്പ് ഇല്ലാതെ സെപ്ടിക് ടാങ്ക് വൃത്തിയാക്കൽ നിരോധിച്ചിരിക്കുന്നു.
പഞ്ചായത്ത് പരിധിയിൽ കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ പ്രവൃത്തി നടത്താൻ ഉദ്ദേശിക്കുന്ന ദിവസത്തിന് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പായി സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്ന തൊഴിലാളികൾ, വൃത്തിയാക്കുന്ന സമയം, സംസ്കരണ സംവിധാനം, വാഹനം ഉപയോഗിക്കുന്നെങ്കിൽ വാഹന നമ്പർ എന്നിവ കാണിച്ച് രേഖാമൂലം ഗ്രാമപഞ്ചായത്തിന് കത്ത് നൽകി രസീത് വാങ്ങേണ്ടതും പരിശോധനാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ അത് ഹാജരാക്കണം
പാരിതോഷികം നൽകും
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം കൈമാറുന്ന വ്യക്തികൾ, സംഘടനകൾ എന്നിവക്ക് 5000 രൂപ പാരിതോഷികം നൽകും. കുറ്റം ചെയ്യുന്നവരിൽ നിന്ന് 10000 രൂപ മുതൽ 25000 രൂപ വരെ പിഴ ഈടാക്കുന്നതും ഈ മാലിന്യം സ്വന്തം ഉത്തരവാദിത്വത്തിൽ തിരികെ എടുത്ത് ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കണം. ഹരിത കർമ്മ സേനക്ക് പ്ലാസ്റ്റിക് കൈമാറാതെ കത്തിക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കും കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ 9496041702, 9496041703 നമ്പരുകളിൽ പഞ്ചായത്ത് ഓഫീസിൽ അറിയിക്കാം. കക്കൂസ് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ടാൽ ഓച്ചിറ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.