photo
പ്ലാച്ചേരി തോടിന്റെ വശങ്ങളിൽ തകർന്ന് കിടക്കുന്ന തീരസംരക്ഷണ ഭിത്തി.

കരുനാഗപ്പള്ളി: നഗരസഭയുടെ പടിഞ്ഞാറൻ ഭാഗത്ത് കൂടി ഒഴുകി ടി.എസ്.കനാലിൽ പതിക്കുന്ന പ്ലാച്ചേരി തോടിന്റെ തകർന്ന് പോയ കരിങ്കൽ ഭിത്തി പുനർ നിർമ്മിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു. രാജഭരണ കാലത്ത് കൃഷിക്ക് വെള്ളം എത്തിക്കുന്നതിനായി നിർമ്മിച്ച തോടിന്റെ വശങ്ങളിലുള്ള കരിങ്കൽ ഭിത്തികളാണ് തകർന്ന് വീഴുന്നത്. കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെയും കരുനാഗപ്പള്ളി നഗരസഭയുടെയും പടിഞ്ഞാറൻ തീരങ്ങളെ ജല സമൃദ്ധമാക്കുന്നതും പ്ലാച്ചേരി തോടാണ്. ടി.എസ്.കനാലുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അര നൂറ്റാണ്ടിന് മുമ്പ് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് തകർന്ന് വീഴുന്നത്. തകർന്ന് വീഴുന്ന ഭാഗങ്ങളിലെ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.

അറ്റകുറ്രപ്പണികളില്ല

തീര സംരക്ഷണ ഭിത്തി നിർമ്മിച്ചതിന് ശേഷം ഒരിക്കൽപ്പോലും ഇതിൽ അറ്റകുറ്രപ്പണികൾ നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. സംരക്ഷണ ഭിത്തി സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചിരുന്നുവെങ്കിൽ തോടിന്റെ ഇരുകരകളിലേയും തീരം ഇടിഞ്ഞ് തോട്ടിൽ പതിക്കുകയില്ലായിരുന്നു. നൂറ് കണക്കിന് കുടുംബങ്ങളാണ് തോടിന്റെ ഇരു വശങ്ങലിലുമായി താമസിക്കുന്നത്. വേലിയേറ്റ സമയങ്ങളിൽ ടി എസ് കനാലിൽ നിന്ന് ഇരച്ച് കയറുന്ന ഉപ്പ് വെള്ളം തകർന്ന് കിടക്കുന്ന കരിങ്കൽ ഭിത്തിയും കടന്ന് കരയിലേക്ക് കയറി കര നെൽ കൃഷിയും ഇടവിള കൃഷിയും നശിക്കാറുണ്ട്.

വേലിയേറ്റം അതി രൂക്ഷമാകുമ്പോൾ തോടിന്റെ വശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറുന്നതും പതിവാണ്.

ഇഴജന്തുക്കളുടെ ശല്യം
തകർന്ന് പോയ കരിങ്കൽ ഭിത്തിയുടെ ഉള്ളറകളിൽ കയറി കൂടുന്ന വിഷപ്പാമ്പുകളാണ് നാട്ടുകാർക്ക് ഭീഷണിയാകുന്നത്. രാത്രികാലങ്ങളിൽ ഇര തേടിയിറങ്ങുന്ന പാമ്പുകളെ നാട്ടുകാർ തല്ലിക്കൊല്ലുന്നതും പതിവാണ്. തോടിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് വഴിയില്ലാത്തതിനാൽ ഇവർ നടക്കാൻ ഉപയോഗിക്കുന്നതും തകർന്ന് കിടക്കുന്ന സംരക്ഷണ ഭിത്തിയെയാണ്. ഇഴജന്തുക്കളെ ഭയന്ന് രാത്രി കാലങ്ങളിൽ നാട്ടുകാർ ഇതു വഴി നടക്കാറില്ല.