കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന ഈഴവ ശാന്തിമാരെയും ജീവനക്കാരെയും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതായി പരാതി. നിരവധി തവണ ദേവസ്വം ബോർഡ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ജീവനക്കാർ പറയുന്നു.
ദേവസ്വം ബോർഡിലെ 2019 ലെ പൊതുസ്ഥലം മാറ്റത്തെ തുടർന്നാണ് ഈഴവ ശാന്തിമാർക്ക് ജാതിവിവേചനത്തിന്റെ ഇരകളാകേണ്ടി വന്നത്. മാനദണ്ഡമില്ലാതെ നടപ്പാക്കിയ സ്ഥലംമാറ്റത്തെ ഈഴവ ശാന്തിമാർ ചോദ്യം ചെയ്യുകയും ദേവസ്വം ബോർഡിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് കോടതി ഇടപെടലുകളിലൂടെയും മറ്റും നേരത്തെ ജോലിചെയ്ത സ്ഥലത്ത് തന്നെ പിന്നാക്ക സമുദായത്തിലെ ശാന്തിക്കാർക്ക് ജോലി ചെയ്യാൻ അവസരമുണ്ടായി.
ഇത്തരത്തിൽ കോടതിയിലും ദേവസ്വത്തിലും പരാതി നൽകാൻ മുന്നിട്ട് നിന്നവരെയാണ് ജോലിക്കിടയിലും മറ്റുള്ളവരുടെ മുന്നിൽവച്ചും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നത്. പരാതി നൽകിയാലും നടപടി ഉണ്ടാകാറില്ല.
എസ്.എൻ.ഡി.പി യോഗത്തിന്റെയും പിന്നാക്ക സമുദായങ്ങളുടെയും ക്ഷേത്രങ്ങളിലും നേരത്തെ തന്നെ ശാന്തിക്കാരായിട്ടുണ്ടെങ്കിലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ 2010 മുതലാണ് പിന്നാക്കക്കാർക്ക് അവസരം ലഭിച്ചത്. ബ്രാഹ്മണർ ഒഴികെയുള്ളവർക്ക് പൂജാദികാര്യങ്ങളിൽ ഇടപെടാൻ അനുവാദമില്ലാതിരുന്ന കാലത്തുനിന്ന് സമൂഹം മാറിയിട്ടും പലരുടെയും മനസിൽ ജാതിചിന്തകൾ കുടിയിരിക്കുന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ.
'' കാലം മാറിയതറിയാതെ പിന്നാക്കക്കാരന് അയിത്തം കൽപ്പിക്കുന്ന സംസ്കാരം ചിലരുടെ ഉള്ളിൽ ഇപ്പോഴുമുണ്ട്. ദേവസ്വം ബോർഡിലെ ശ്രീനാരായണീയരോടുള്ള അവഗണനയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കും. അഡ്വ. എസ്. അനിൽകുമാർ, സെക്രട്ടറി, എസ്.എൻ.ഡി.പി കുണ്ടറ യൂണിയൻ