kotarakara
കൊട്ടാരക്കര പട്ടണത്തിൽ കുലശേഖരപുരം ക്ഷേത്ര പിൻ ഭാഗത്തുകൂടി നിർമ്മിക്കുന്ന സമാന്തര പാത

കൊട്ടാരക്കര: പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സമാന്തര പാത നിർമ്മിക്കാൻ കൊട്ടാരക്കര മുൻസിഫ് കോടതിയുടെ അനുമതി.നിലവിലുള്ള സ്റ്റേ നീങ്ങിയതായും നിയമപരമായി റോഡ് നിർമ്മാണവുമായി മുന്നോട്ടുപോകാൻ കോടതി അനുമതി നൽകിയതായും നഗരസഭ ചെയർമാൻ എ.ഷാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊട്ടാരക്കര ഡോക്ടേഴ്സ് ലൈനിൽ നിന്ന് എം.സി റോഡിലെത്തുന്ന വിധത്തിലാണ് റോഡ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയതും രണ്ട് മാസം മുൻപ് ഇതിനുള്ള നടപടി തുടങ്ങിയതും. ഇരുപത് ഭൂ ഉടമകളുടെ സമ്മത പത്രവും വാങ്ങി 750 മീറ്റർ നീളമുള്ള റോഡ് അളന്ന് തിരിക്കുകയും ചെയ്തിരുന്നു. തുടക്ക ഭാഗത്ത് അഞ്ച് മീറ്റർ വീതിയും ബാക്കിയുള്ളിടത്ത് എട്ട് മീറ്റർ വീതിയുമാണുള്ളത്. നഗരസഭ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയശേഷം പൊതുമരാമത്ത് വകുപ്പിന് കൈമാറി മെച്ചപ്പെട്ട സമാന്തര റോഡാക്കി മാറ്റാനായിരുന്നു ലക്ഷ്യം.

റോഡ് നിർമ്മാണത്തിനെതിരെ

ബി.ജെ.പി പ്രവർത്തകരായ അനീഷ്, രാജീവ് കേളമത്ത് എന്നിവർ റോഡ് നിർമ്മാണത്തിനെതിരെ കോടതിയെ സമീപിച്ചു. ഭൂമാഫിയകളാണ് ഏല നികത്തി റോഡ് നിർമ്മിക്കാൻ ശ്രമിക്കുന്നതെന്നും മലിന ജലം പുലമൺ തോട്ടിലെത്തിച്ചേരാൻ ഇടയാക്കുമെന്നതുമടക്കം ചൂണ്ടിക്കാട്ടി ഏല സംരക്ഷിക്കണമെന്നാണ് ഇവർ കോടതിയെ ബോധിപ്പിച്ച് നിരോധന ഉത്തരവ് സമ്പാദിച്ചത്.

നഗരസഭ ചെയർമാൻ എ.ഷാജു, കൗൺസിലർ വനജ രാജീവ്, സെക്രട്ടറി പ്രദീപ് എന്നിവരെ പ്രതിചേർത്താണ് കോടതിയെ സമീപിച്ചത്. ഫെബ്രുവരി 27 വരെ റോഡ് നിർമ്മാണത്തിന് നിരോധന ഉത്തരവും തുടർന്ന് നഗരസഭ അധികൃതരുടെ വാദംകേട്ടശേഷം തുടർ നടപടിയുമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ വാദം കേട്ട കോടതി ഇത് പൂർണമായും അംഗീകരിച്ചാണ് അനുകൂല വിധി പ്രഖ്യാപിച്ചതെന്ന് ചെയർമാൻ എ.ഷാജുവും കൗൺസിലർ വനജ രാജീവും അഭിഭാഷകനായ സാം.ജെ.സാമും പറഞ്ഞു.

കോടതി ഉത്തരവ് അനുകൂലമായി ലഭിച്ചതിനാൽ തിര‌ഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറുന്ന മുറയ്ക്ക് റോഡ് നിർമ്മാണം തുടങ്ങും. ആരുമായും തർക്കത്തിൽ പോകുന്നതിനല്ല നഗരസഭയ്ക്ക് താത്പര്യം. അതുകാെണ്ടുതന്നെ ചർച്ചയ്ക്കും സമവായത്തിനും തയ്യാറാണ്. റോഡിന് വേണ്ടി ഭൂമി വിട്ടുനൽകിയവർക്ക് പരാതികളില്ല. പട്ടണത്തിലെ ഗതാഗത കുരുക്കിന് വലിയതോതിൽ പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന റോഡിന് വലിയ പിന്തുണ ലഭിക്കുന്നുമുണ്ട്. ഇവിടെ കൃഷിയ്ക്ക് യോജ്യമല്ലാത്ത ഏലയാണ്. മാലിന്യം കെട്ടിനിൽക്കുന്നുമുണ്ട്. താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മണ്ണിട്ട് റോഡ് നിർമ്മിക്കാനാണ് തീരുമാനിച്ചത്. റോഡ് നിർമ്മാണം നടക്കാത്തതിനാൽ ആശുപത്രിയിലെ മണ്ണെടുപ്പിനും പ്രതിസന്ധിയുണ്ടായിട്ടുണ്ട്. റോഡ് നിർമ്മാണക്കാര്യത്തിൽ പേടിച്ച് പിൻമാറില്ല, പൊതുപ്രവർത്തന രംഗത്തുണ്ടെങ്കിൽ ഈ റോഡ് യാഥാർത്ഥ്യമാക്കും.

എ.ഷാജു(നഗരസഭ ചെയർമാൻ)