psc

കൊല്ലം: പ്ലസ് ടു അടിസ്ഥാന യോഗ്യതയായി കണക്കാക്കിയിട്ടുള്ള തസ്തികകളിലേക്കുള്ള പി.എസ്.സിയുടെ രണ്ടാംഘട്ട പൊതുപ്രാഥമിക പരീക്ഷ ഇന്ന് നടക്കും. ജില്ലയിൽ 35,606 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. 150 കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷ.

ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൺ ടിക്കറ്റും കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡും (അസൽ) സഹിതം ഉച്ചയ്ക്ക് ഒന്നിനകം പരീക്ഷാ കേന്ദ്രങ്ങളിലെത്തണം. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മാസ്ക്, സാനിറ്റൈസർ എന്നിവ കരുതണം. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ നേരത്തെ എത്താൻ ശ്രദ്ധിക്കണം. കെ.എസ്.ആർ.ടി.സി ഇന്ന് അധിക സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ അവധി ദിനമായതിനാലും നിയന്ത്രണങ്ങളുള്ളതിനാലും സ്വകാര്യ ബസ് സർവീസുകളുടെ എണ്ണം കുറയാനാണ് സാദ്ധ്യത.

 സമയത്ത് എത്തുമെന്ന് ഉറപ്പാക്കണം


കൊവിഡിന്റെ രണ്ടാം വരവിൽ സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ നിറുത്തി യാത്ര ചെയ്യാൻ അനുവദിക്കില്ല. അകലവും പാലിക്കണം. ഒരു പരീക്ഷാകേന്ദ്രത്തിൽ മാത്രം 200നും 300നും ഇടയ്ക്ക് ഉദ്യോഗാർത്ഥികളുണ്ട്. ഇവർക്ക് സഞ്ചരിക്കാൻ കുറഞ്ഞത് നാല് മുതൽ ആറുവരെ ബസുകൾ വേണ്ടിവരും. നഗരങ്ങൾ ഒഴികെ മറ്റിടങ്ങളിലെ യാത്രാബസുകൾ തമ്മിൽ 15 മുതൽ 30 മിനിറ്റ് വരെ സമയ വ്യത്യാസമുണ്ടാകും. ഇത് യഥാസമയം എത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.

 മറക്കരുത്


 മാസ്ക്

 സാനിറ്റൈസർ

 അഡ്മിഷൻ ടിക്കറ്റ്

 അസൽ തിരിച്ചറിയൽ കാർഡ്

 ജില്ലയിൽ ഉദ്യോഗാർത്ഥികൾ: 35,606

 പരീക്ഷാ കേന്ദ്രങ്ങൾ: 150

 ഒരു കേന്ദ്രത്തിൽ എഴുതുന്നവർ: 200- 300 പേർ

 സമയം: ഉച്ചയ്ക്ക് 1.30 ​- 3.15