തഴവ: പഞ്ചമിമുക്കിന്റെ പേരുകാരി പഞ്ചമിഅമ്മ 102-ാം വയസിലും സാമൂഹ്യ ശുചീകരണ യജ്ഞത്തിൽ മുൻനിര പോരാളിയാണ്. നാട്ടുകാര്യങ്ങളിൽ ഇടപെട്ട് ഇങ്ങനെ ചുറുചുറുക്കോടെ നടക്കുന്നതാണ് പഞ്ചമി അമ്മയുടെ ആരോഗ്യരഹസ്യവും.
കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴക്കാലപൂർവ ശുചീകരണത്തിലും പഞ്ചമിഅമ്മ മുന്നിലുണ്ടായിരുന്നു. കുലശേഖരപുരം കടത്തൂർ മീനത്തേരിൽ തെക്കതിൽ പഞ്ചമിഅമ്മ വർഷങ്ങളായി ചെറിയ കുടിലിൽ ഒറ്റയ്ക്കാണ് താമസം. ചെറുപ്പത്തിലേ ഭർത്താവ് ഉപേക്ഷിച്ചു. എങ്കിലും ആരുടെ മുന്നിലും കൈനീട്ടിയില്ല. ചെറിയ കൂലിപ്പണിക്ക് പോയും സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ തുകയും കൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.
കാലം മായ്ക്കില്ല, പഞ്ചമിമുക്ക്
വവ്വാക്കാവ് -പാവുമ്പ റോഡിൽ വവ്വാക്കാവ് കഴിഞ്ഞാൽ തൊട്ടടുത്ത ജംഗ്ഷനാണ് പഞ്ചമിമുക്ക്. പതിറ്റാണ്ടുകൾക്ക് മുൻപ് നാട്ടുകാരാണ് പഞ്ചമിമുക്കെന്ന പേര് നൽകിയത്. ആദ്യമൊക്കെ പഞ്ചമിമുക്കെന്ന് കേട്ടാൽ പഞ്ചമിഅമ്മയ്ക്ക് കലിയിളകുമായിരുന്നു. പിന്നീട് സ്വന്തം പേര് പറഞ്ഞ് ബസിൽ ടിക്കറ്റെടുക്കേണ്ടി വന്നിട്ടുണ്ടെന്നും പഞ്ചമിഅമ്മ ഓർത്തെടുക്കുന്നു, വാർദ്ധക്യം മറയ്ക്കാത്ത പുഞ്ചിരിയോടെ.