mask

 നിയന്ത്രണം ശക്തമാക്കി പൊലീസ്

കൊല്ലം: കൊവിഡ് രണ്ടാം വരവിന്റെ ചെയിനറുക്കാൻ ജില്ലയിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്. മാസ്ക്, സാമൂഹിക അകലം എന്നിവയാണ് കൂടുതലും നിരീക്ഷിക്കുന്നത്. നിയന്ത്രണം ലംഘിച്ചാൽ നിർബന്ധിത പിഴ ഈടാക്കും. പിഴ അടച്ചില്ലെങ്കിൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും.

ഓരോ സ്റ്റേഷനിലെയും എസ്.ഐ, എ.എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ മൂന്നുപേരിൽ കുറയാത്ത ടീമുകൾ ഏപ്പോഴും നിരത്തിലുണ്ടാകും. നഗര പരിധിയിലെ ഏഴ് കോൺട്രോൾ റൂമുകൾ, രണ്ട് പിങ്ക് പൊലീസ് വാഹനങ്ങൾ, ട്രാഫിക്കിലെ ചീറ്റ പട്രോളിംഗ് വാഹനം എന്നിവ കൊവിഡ് ഡ്യൂട്ടിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലം സബ് ഡിവിഷനിൽ 45 ടീമുകൾ ഉൾപ്പെടെ മൂന്ന് സബ് ഡിവിഷനുകളിലായി 141 ടീമുകൾ നിരത്തിലുണ്ടാകും. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, മാളുകൾ തുടങ്ങി ജനക്കൂട്ടം ഉണ്ടാകാനിടയുള്ളിടത്തെല്ലാം പൊലീസ് നിരീക്ഷണം ഉറപ്പാക്കും. ആരോഗ്യം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും സെക്ടറൽ മജിസ്ട്രേറ്റുമാർ ആവശ്യപ്പെടുന്ന നടപടികൾ സ്വീകരിക്കുന്നതിനും അതാത് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

 കുറയില്ല, നൂറാണ് 100

പൊലീസ് പരിശോധനാ സംഘങ്ങൾക്ക് മാസ്ക്, സാമൂഹിക അകലം എന്നിവയ്ക്ക് മാത്രമായി ദിവസം കുറഞ്ഞത് നൂറുപേരിൽ നിന്ന് പിഴ ഈടാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്രയും പേരിൽ നിന്ന് പിഴ ഈടാക്കാനായില്ലെങ്കിൽ അത്രയും കേസുകൾ രജിസ്റ്റർ ചെയ്യണം. പിടിച്ചെടുത്ത പിഴയുടെയും കേസിന്റെയും വിവരങ്ങൾ അന്നന്ന് മേലുദ്യേഗസ്ഥനെ അറിയിക്കണം. ഡിവൈ.എസ്.പി, എസ്.പി റാങ്കിലുള്ളവർ മുതൽ എല്ലാ ഉദ്യോഗസ്ഥരും കൊവിഡ് നിയന്ത്രണങ്ങൾക്കായി പ്രവർത്തിക്കണമെന്നും നിർദ്ദേശമുണ്ട്.


 കേസുകൾ (24 മണിക്കൂറിനുള്ളിൽ)

മാസ്ക് ധരിക്കാത്തത്: 3,655

അകലം മറന്നതിന്: 1,421

വാഹനങ്ങൾ: 73

നിയന്ത്രണ ലംഘനം: 467

 പിഴത്തുക: 500 രൂപ

 നടപടി

1. പൊതുനിരത്തുകളിൽ കർശന പരിശോധന
2. ബാരിക്കേഡ് സ്ഥാപിച്ച് വാഹന യാത്രക്കാർക്ക് പരിശോധന
3. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും
4. കൊവിഡ് രോഗികൾ പുറത്തിറങ്ങിയാൽ നടപടി
5. മാസ്കില്ലാതെ വീടിന് പുറത്തിറങ്ങിയാൽ പിഴ അല്ലെങ്കിൽ കേസ്
6. പൊതുവാഹനങ്ങളിൽ യാത്രക്കാരെ നിറുത്തിയാൽ പിഴയും കേസും

 മുന്നറിയിപ്പ്

1. മാളുകൾ, പൊതുസ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക്
2. സ്വകാര്യ, വാണിജ്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കും
3. സ്വകാര്യ വാഹനത്തിൽ അനൗൺസ്‌മെന്റ് നടത്തും

"

എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 50 ശതമാനം ഉദ്യോഗസ്ഥരെയും ഓരോ സ്റ്റേഷനിലെയും മറ്റ് മൂന്നിലൊന്ന് ഉദ്യോഗസ്ഥരെയും കൊവിഡ് നിയന്ത്രണ ജോലികൾക്ക് നിയോഗിച്ചു.

ടി.ബി. വിജയൻ

എ.സി.പി, കൊല്ലം