pho
ശരീരം തളർന്ന് കിടപ്പിലായ അനിൽകുമാറിന് പുനലൂരിലെ ജനമൈത്രി പൊലീസ് സി.ആർ.ഒ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ധനസഹായം നൽകുന്നു

പുനലൂർ: പാറ ചുമക്കുന്നതിനിടെ കഴുത്തുളുക്കി വീണ് ശരീരം തളർന്ന് കിടപ്പിലായ ഗൃഹനാഥൻ ചികിത്സാസഹായം തേടുന്നു. പുനലൂർ നഗരസഭയിലെ ഭരണിക്കാവ് ചരുവിള പുത്തൻവീട്ടിൽ അനിൽകുമാറാണ് (40) ശരീരം തളർന്നുപോയ അവസ്ഥയിൽ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം പോറ്റാൻ കൂലിപ്പണി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു സംഭവം. പുനലൂർ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡി. കോളേജിലും എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടർന്ന് ശരീരം തളർന്നുപോയ അവസ്ഥയിൽ 4ന് വീട്ടിലെത്തിക്കുകയായിരുന്നു. തുടർചികിത്സയ്ക്കായി വീണ്ടും മെഡിക്കൽ കോളേജിൽ എത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വലയുകയാണ് അനിൽകുമാറും കുടുംബവും. സർജറി നടത്തിയാൽ അനിൽകുമാറിന് പഴയതുപോലെ നടക്കാനാവുമെന്നാണ് ചികിത്സ നടത്തുന്ന ഡോക്ടർ പറയുന്നത്. നിത്യവൃത്തിക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന അനിൽകുമാറിനെ സുമനസുകൾ സഹായിച്ചാൽ ജീവിതം വീണ്ടെടുക്കാനായേക്കും. ഇതിനിടെ വിവരം അറിഞ്ഞ് പുനലൂരിലെ ജനമൈത്രി പൊലീസ് സി.ആർ.ഒ അനിൽകുമാറും വാർഡ് കൗൺസിലർ രഞ്ജിത്ത് രാധാകൃഷ്ണനും ഉൾപ്പടെയുള്ള പൊതു പ്രവർത്തകർ അനിൽകുമാറിന്റെ വീട്ടിലെത്തി ധനസഹായവും ഭക്ഷ്യധാന്യക്കിറ്റും നൽകി. ജനമൈത്രി സമിതി അംഗങ്ങളായ ഷിബു റോസ്മല, ഐക്കര ബാബു, ബിജു കുമാർ, റെജി, വിനിരാജ് തുടങ്ങിയവരും ധനസഹായം നൽകാൻ എത്തിയിരുന്നു.