bus
കൊട്ടാരക്കരയിൽ ബസിനുള്ളിൽ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ

കൊല്ലം: ജില്ലാ ഭരണകൂടം കൊവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ ബസുകളിൽ നിന്ന് യാത്രചെയ്തവരെ ജീവനക്കാർ ഇറക്കിവിട്ടു. ആരെയും നിറുത്തി യാത്ര ചെയ്യിക്കരുതെന്നാണ് ജീവനക്കാർക്ക് കിട്ടിയ നിർദേശം. ഇതോടെ സീറ്റ് നിറഞ്ഞ വണ്ടികൾ സ്റ്റോപ്പുകളിൽ നിറുത്തിയില്ല.

സ്റ്റോപ്പുകളിൽ ഇറങ്ങുന്നതിന് വണ്ടി നിറുത്തിയപ്പോൾ കയറാൻ നോക്കിയവർക്ക് മുന്നിൽ ഡോർ അടഞ്ഞു. തള്ളിക്കയറിയവരെ ഇറക്കിവിട്ടു. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്താതിരുന്നതും യാത്രക്കാരെ വലച്ചു. സീറ്റെണ്ണം തികയ്ക്കാൻ ഒന്നോ രണ്ടോ പേരെ കയറ്റിയത് ഒച്ചപ്പാടിനും ഇടയാക്കി. ജില്ലയിൽ പലയിടത്തും ഇന്നലെ ഇതായിരുന്നു അവസ്ഥ. ഇതോടെ പലർക്കും ഓഫീസുകളിൽ കൃത്യസമയത്ത് എത്താനായില്ല. ജില്ലാ കളക്ടറും പൊലീസും നേരിട്ട് പരിശോധന ശക്തമാക്കിയതോടെയാണ് ജീവനക്കാർ നിർദേശം കർശനമായി നടപ്പാക്കിത്തുടങ്ങിയത്.

 അകലം മറന്ന് ഇരിപ്പ്

സാമൂഹിക അകലത്തിന്റെ പേരിലാണ് നിറുത്തിയുള്ള യാത്ര ഒഴിവാക്കിയതെങ്കിലും രണ്ടും മൂന്നും പേർക്ക് ഇരിക്കാവുന്ന സീറ്റുകൾ നിറഞ്ഞായിരുന്നു ഇന്നലെ മിക്ക ബസുകളുടെയും യാത്ര. ഇരിക്കുമ്പോൾ അകലം വേണ്ടേയെന്നാണ് യാത്രക്കാരുടെ ചോദ്യം.

 ജില്ലയിലെ ഡിപ്പോകൾ: 09

 ശരാശരി ഷെഡ്യൂൾ: 35 - 55
 ബസിന്റെ സീറ്റിംഗ് കപ്പാസിറ്റി: 51

 ഒരു ദിവസം ശരാശരി യാത്രക്കാർ: 90,000 - 1,60,000
 ഇരുത്തി യാത്ര ചെയ്യിക്കാവുന്നത്: 90,000- 1,10,000

''

ആരോഗ്യവകുപ്പിന്റെയും ജില്ലാ കളക്ടറുടെയും നിർദേശ പ്രകാരമാണ് നിറുത്തിയുള്ള യാത്ര അനുവദിക്കാത്തത്. ജീവനക്കാരുടെ ലഭ്യത അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്.

ആർ. മനേഷ്, ഡി.ടി.ഒ,

കെ.എസ്.ആർ.ടി.സി, കൊല്ലം