അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി. അതിന്റെ ഭാഗമായി നടന്ന പഞ്ചായത്ത് തല ജാഗ്രതാസമിതിയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. വിവിധ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞദിവസം വാർഡ്തല ജാഗ്രതാസമിതികളും ചേർന്നു. ഇന്നും വാർഡുതല ജാഗ്രതാസമിതി യോഗങ്ങൾ നടക്കും. കൂടാതെ പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളിലും ജാഗ്രതാസമിതികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നോട്ടീസ് വിതരണം ചെയ്യും. പ്രൈമറി ഹെൽത്ത് സെന്റർ കൂടാതെ ഏരൂർ, വിളക്കുപാറ, മണലിൽ, ആർച്ചൽ മേഖലകളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തും. പഞ്ചായത്തിൽ 45 ന് മുകളിൽ പ്രായമുള്ളവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കി വാക്സിനേഷൻ നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. ഭാരതീപുരത്ത് ഓയീൽ പാം ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള സി.എഫ്.എൽ.പി.സിയുടെ പ്രവർത്തനം ആരംഭിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. വിവാഹം, പൊതു ചടങ്ങുകൾ തുടങ്ങിയവ മാനദണ്ഡങ്ങൾ പാലിച്ചുളള പങ്കാളിത്തമേ ഉണ്ടാവുകയുള്ളുവെന്ന് ഉറപ്പുവരുത്തും. എല്ലാ ദിവസവും ഗ്രാമപഞ്ചായത്ത് തലത്തിൽ യോഗം ചേരുമെന്നും പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.