street-light

കൊല്ലം: മാറ്റി സ്ഥാപിക്കുമെന്നും എൽ.ഇ.ഡിയാക്കുമെന്നും ഒക്കെയുള്ള നഗരസഭയുടെ വാഗ്ദാനങ്ങൾക്ക് നേരെ മിഴിയടച്ച് പ്രതിഷേധിക്കുകയാണ് നഗരത്തിലെ തെരുവ് വിളക്കുകൾ. ഒരിടവേളയ്ക്ക് ശേഷം പതിവുപോലെ നഗരത്തിലെ വിവിധ മേഖലകളിൽ തെരുവ് വിളക്കുകൾ കൂട്ടത്തോടെ പണിമുടക്കി. ഹൈടെക് നിലവാരത്തിൽ നിർമ്മിച്ചതുൾപ്പെടെയുള്ള ബസ് സ്റ്റോപ്പുകളിലെ വിളക്കുകൾ കൂടി കേടായതോടെ രാത്രികാലങ്ങളിൽ നഗരം ഇരുളടയുകയാണ്.

നഗരത്തിലെ തെരുവ് വിളക്കുകളെല്ലാം എൽ.ഇ.ഡിയാക്കുമെന്നും കേടാകുന്നവ 48 മണിക്കൂറിനുള്ളിൽ ശരിയാക്കുമെന്നും 2019 ഓഗസ്റ്റിലാണ് നഗരസഭ പ്രഖ്യാപിച്ചത്. അതിനായി മുംബയ് ആസ്ഥാനമായുള്ള ഇ - സ്മാർട്ട് സൊല്യൂഷൻസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.

നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവ് വിളക്കുകൾ സമയബന്ധിതമായി മാറ്റി സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ചിലയിടങ്ങളിലൊഴികെ പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നത് പോയിട്ട് കേടായവ നന്നാക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ്.

ഇരുളടഞ്ഞ നഗരവീഥികൾ

1. റെയിൽവേ സ്റ്റേഷൻ - കർബല റോഡ്
2. റെയിൽവേ സ്റ്റേഷൻ - എസ്.എൻ കോളേജ്
3. ചിന്നക്കട - ബീച്ച് റോഡ്
4. ബെൻസിഗർ ആശുപത്രി - താമരക്കുളം റോഡ്
5. ലിങ്ക് റോഡ്
6. തോപ്പിൽ കടവ് - കാങ്കത്ത് മുക്ക് റോഡ്
7. ആണ്ടാമുക്കം ബസ് സ്റ്റാൻഡ്

വെളിച്ചമില്ലാത്ത ബസ് സ്റ്റോപ്പുകൾ (സ്ഥലം - എണ്ണം)

പുതുതായി നിർമ്മിച്ചവ

കളക്ടറേറ്റ്: 2
ഹൈസ്‌കൂൾ ജംഗ്‌ഷൻ: 3
താലൂക്ക് കച്ചേരി: 2
രാമൻകുളങ്ങര: 1
അമ്മച്ചിവീട്: 1

 നേരത്തേയുള്ളവ

കോൺവെന്റ്: 1
ചിന്നക്കട (ആശ്രാമം ഭാഗത്തേക്ക്): 1
കടപ്പാക്കട: 2
റെയിൽവേ സ്റ്റേഷൻ: 2
എസ്.എൻ കോളേജ്: 2
ചെമ്മാൻമുക്ക്: 1
പോളയത്തോട്: 1