covid

ചാത്തന്നൂർ: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ചാത്തന്നൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്. വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കാര്യക്ഷമമാക്കി. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകളിൽ നിന്ന് പിഴയീടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കിയിട്ടുണ്ട്. പിഴയടയ്ക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുകയും ചെയ്യും.

പൊലീസ് പല ബാച്ചുകളായി തിരിഞ്ഞ് വാഹന പരിശോധനയും നടത്തുന്നുണ്ട്. പ്രധാനപ്പെട്ട റോഡുകളിലും ഇടറോഡുകളിലും കവലകളിലും പൊലീസിന്റെ ഇടവിട്ടുള്ള പരിശോധന നടക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജില്ലയിലേയ്ക്ക് വരുന്നവരെ ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് തടഞ്ഞ് പിഴ ചുമത്താനും ആലോചിക്കുന്നുണ്ട്.

നിരത്തുകളിൽ ഇന്നലെ അനാവശ്യമായി പുറത്തിറങ്ങി നടന്നവർക്ക് താക്കീത് നൽകുകയും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാത്തവർക്ക് പിഴ ചുമത്തുകയും ചെയ്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ചാത്തന്നൂർ ഇൻസ്‌പെക്ടർ അനീഷ് ബാബു അറിയിച്ചു.

 കൈവിടാതെ കാക്കാൻ കരുതൽ

01. ഭക്ഷണശാലകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി 9 വരെ മാത്രം.
02. ഒൻപത് മണിക്ക് ശേഷം നിബന്ധനകൾക്ക് വിധേയമായി പാഴ്‌സൽ ഭക്ഷണ വിതരണം അനുവദിക്കും.
03. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഒരേസമയം അഞ്ച് ഇടപാടുകാർ മാത്രം.
04. അക്ഷയ കേന്ദ്രങ്ങൾ പോലുള്ള സേവന ഇടങ്ങളിലും സർക്കാർ ഓഫീസുകളിലും പ്രവേശനം ഒരാൾക്ക് വീതം.
05. ബസുകളിൽ 25ൽ കൂടുതൽ യാത്രക്കാർ പാടില്ല.
06. കോച്ചിംഗ് ക്ലാസുകളിലും ട്യൂഷൻ ക്ലാസുകളിലും സാമൂഹ്യ അകലം ഉറപ്പാക്കും.

07. ക്ലാസ് കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾ കൂട്ടംകൂടിയാൽ സ്ഥാപനത്തിനെതിരെ നടപടി.
08. മാസ്‌ക് നിർബന്ധമായും ശരിയായും ധരിക്കണം.

09. വാഹനങ്ങളിൽ സാനിറ്റൈസർ ഉറപ്പാക്കണം.

 വരുന്ന രണ്ടാഴ്ചക്കാലം ലോക്ക്ഡൗൺ കാലത്തേതുപോലുള്ള സ്വയം നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകണം.

വൈ. നിസാമുദ്ദീൻ, ചാത്തന്നൂർ എ.സി.പി