ഓയൂർ: കടയ്ക്കോട് മാടൻകാവ് ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള പ്ലാക്കോട്- കരീപ്ര റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. നാട്ടുകാരുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി ഐഷാപോറ്റി എം. എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപയും അനുവദിച്ചാണ് ടാറിംഗിന് കരാർ നല്കിയത്. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും യാതൊരു പണികളും നടന്നിട്ടില്ല. ടാറിംഗ് വർക്ക് കോൺട്രാക്ട് എടുത്തിട്ടുള്ള കരാറുകാരന്റെ അനാസ്ഥ കാരണമാണ് റോഡിന്റെ പണി വൈകുന്നതെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു.
ഇനി സമരത്തിലേക്ക്
റോഡുപണിക്കായി ഇറക്കിയിട്ട മെറ്റലും ചിപ്സും റോഡാകെ നിരന്നിരിക്കുകയാണ്. റോഡുപണിയുടെ ഭാഗമായി പ്ലാക്കോട് എൽ. പി. എസിന് സമീപമുള്ള പാലത്തിന്റെ പണി യഥാസമയം ചെയ്യാതെ വന്നപ്പോൾ നാട്ടുകാർ കരീപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തിയിരുന്നു. ഇപ്പോൾ പാലം പണി പൂർത്തിയായിട്ടും റോഡിന്റെ കാര്യത്തിൽ തീരുമാനമായില്ല. റോഡു പണി എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതരെ കണ്ട് പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ഇനിയും റോഡുപണി വൈകിയാൽ പ്രത്യക്ഷ സമരത്തിനിറങ്ങാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.