പുത്തൂർ: പുത്തൂർ കല്ലുംമൂട്ടിൽ നിറുത്തിയിട്ടിരുന്ന ലോറിയുടെ മുന്നിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി കാർ ഡ്രൈവർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി തൊടിയൂർ പാപ്പാടി തറയിൽ അബ്ദുൾ സലാമാണ് (59) മരിച്ചത്.
കാറിലുണ്ടായിരുന്ന തൊടിയൂർ സ്വദേശികളായ രഞ്ജിനിക്കും (40) മകൾ അനഘയ്ക്കും (15) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. കൊട്ടാരക്കരയിലെ നവോദയ വിദ്യാലയത്തിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ അനഘയെ സ്കൂളിലേക്ക് കൊണ്ടുപോകാൻ രഞ്ജിനി വാടകയ്ക്ക് വിളിച്ചതായിരുന്നു കാർ. പുത്തൂർ കൊട്ടാരക്കര റോഡിലൂടെ വരുന്നതിനിടെ നിയന്ത്രണംവിട്ട കാർ വലത്തേക്ക് വെട്ടിത്തിരിഞ്ഞ് ലോറിക്ക് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയവർ കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവർ അബ്ദുൾ സലാം മരിച്ചു. പുത്തൂർ പൊലീസ് കേസെടുത്തു.