cinema

കൊല്ലം: കൊവിഡിന്റെ രണ്ടാം വരവിൽ നാട് വിറയ്ക്കുമ്പോൾ സിനിമ പ്രദർശനശാലകളും അടച്ചുപൂട്ടൽ ഭീഷണിയിൽ. നിയന്ത്രണങ്ങളെ തുടർന്ന് സെക്കൻഡ് ഷോ ഒഴിവാക്കിയതും പ്രേക്ഷകരുടെ കുറവുമാണ് അടച്ചിടാനുള്ള തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

മിക്ക തീയേറ്ററുകളും നിലവിൽ രണ്ട് പ്രദർശനങ്ങളിലേക്ക് ചുരുങ്ങി. പൂർണമായും നിറുത്തിയാൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്നതിനാലാണ് പ്രതിസന്ധികൾക്കിടയിലും പ്രദർശനം തുടരുന്നത്. അതിനിടെ ഈ ആഴ്ച റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസ് നീട്ടിവയ്ക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതും പ്രതിസന്ധി ഇരട്ടിയാക്കി.

ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട തീയേറ്ററുകൾ ജനുവരി 12നാണ് വീണ്ടും തുറന്നത്. 308 ദിവസമാണ് അടഞ്ഞുകിടന്നത്. വൈദ്യുതി ചാർജ്, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, നികുതി ഉൾപ്പെടെ പ്രതിമാസം ഭീമമായ തുകയാണ് ചെലവാകുന്നത്.

പ്രതിദിനം കുറഞ്ഞത് 50,000 രൂപയെങ്കിലും വരുമാനമുണ്ടായാൽ മാത്രമേ വിതരണക്കാരുടെ വിഹിതവും കഴിഞ്ഞ് മറ്റുചെലവുകൾ നടത്താൻ കഴിയുകയുള്ളു. നിലവിൽ തീയേറ്ററുകളുടെ വരുമാനം 5,000 രൂപ മുതൽ 10,000 രൂപവരെയാണ്. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഷട്ടറിടേണ്ടിവരുന്ന ദിനം അതിവിദൂരമല്ല.

 പ്രതിസന്ധികൾ

1. കൊവിഡ് രണ്ടാം വരവിലെ നിയന്ത്രണങ്ങൾ

2. പ്രദർശനം വെട്ടിച്ചുരുക്കി

3. പ്രേക്ഷകരുടെ എണ്ണം കുറഞ്ഞു

4. പുതിയചിത്രങ്ങളുടെ റിലീസ് വൈകും

5. പ്രവർത്തന നഷ്ടം വർദ്ധിച്ചു

 തീയേറ്ററുകളിൽ


പ്രതിദിന ചെലവ്: 15,000 രൂപ (കുറഞ്ഞത്)
ലഭിക്കേണ്ട വരുമാനം: 50,000 (കുറഞ്ഞത്)
നിലവിൽ ലഭിക്കുന്നത്: 5,000 - 10,000 രൂപ
ജീവനക്കാർ: 20 - 25 പേർ
സാധാരണ പ്രദർശനങ്ങൾ: 04
ഇപ്പോൾ: 02

''

ലോക്ക് ഡൗണിന് ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ പുത്തനുണർവ് ലഭിച്ചിരുന്നു. കൊവിഡിന്റെ രണ്ടാം വരവോടെ ആളില്ലാത്ത അവസ്ഥയായി. നിലവിൽ ഓരോദിവസവും കടന്നുപോകുന്നത് പ്രതിസന്ധികളിലൂടെയാണ്.

കെ. ഗോപാലകൃഷ്ണൻ, മാനേജർ

ധന്യ- രമ്യ തീയേറ്റർ, കൊല്ലം