ksrtc

കൊല്ലം: ലഗേജിന് ടിക്കറ്റെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ അന്യസംസ്ഥാന തൊഴിലാളി കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറെ തൊഴിച്ചുവീഴ്ത്തി കൈ ചവട്ടിയൊടിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടറായ രോഷ്നിക്കാണ് (35) പരിക്കേറ്റത്.

മഹാരാഷ്ട്ര സ്വദേശി ഓംപ്രകാശിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. രോഷ്നിയുടെ വലതുകൈയ്ക്കാണ് ഒടിവ്. നെഞ്ചിലും മുതുകത്തും പരിക്കുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം രോഷ്നിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ചിന്നക്കടയിലായിരുന്നു സംഭവം. ആറ്റിങ്ങൽ സ്റ്റാൻഡിൽ നിന്ന് കയറിയ ഓംപ്രകാശ് ബസിന്റെ മുൻസീറ്റിലാണ് ഇരുന്നത്. പിന്നിലെ സീറ്റിനടിയിൽ പെട്ടി കണ്ട കണ്ടക്ടർ ആരുടേതെന്ന് തിരക്കിയിട്ടും പ്രതികരണം ഉണ്ടായില്ല. ചിന്നക്കടയിലെത്തിയപ്പോൾ ഓംപ്രകാശ് സീറ്റിനടിയിൽ നിന്ന് പെട്ടിയെടുത്ത് ഇറങ്ങാനൊരുങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ലഗേജ് ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ഓംപ്രകാശ് ആക്രമിക്കുകയായിരുന്നു. രോഷ്നി തൊഴിയേറ്റ് വീണ ശേഷവും ഓംപ്രകാശ് അക്രമം തുടർന്നു. ബസിലെ യാത്രക്കാരാണ് ഓംപ്രകാശിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.