കൊല്ലം: ട്രെയിൻ യാത്രക്കാരിൽ നിന്ന് കണക്കിൽപ്പെടാത്ത 90.40 ലക്ഷം രൂപ പിടികൂടി. ഇന്നലെ പുലർച്ചെ 4.30ഓടെ കൊല്ലം റെയിൽവേസ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് മൂന്ന് അന്യസംസ്ഥാനക്കാരിൽ നിന്ന് റെയിൽവേ പൊലീസ് പണം പിടിച്ചെടുത്തത്. മഹാരാഷ്ട്ര കാൺപൂർ ഗോട്ടിയിൽ രഞ്ജിത്ത് കുംബാർ (27), സംഗിലി സ്വദേശി പ്രശാന്ത് കാനാജി (27), തൃച്ചന്തൂർ എസ്.എസ് കോവിൽ സ്ട്രീറ്റിൽ ഹനുമന്ത് (40) എന്നിവരാണ് പിടിയിലായത്.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് പണം, ലഹരി വസ്തുക്കൾ എന്നിവ കടത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക ടീമുകൾ രൂപീകരിച്ചിരുന്നു. ഇന്നലെ പുലർച്ചെ പാലരുവി എക്സ്‌പ്രസ് കൊല്ലം റെയിൽവേസ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് സംഘം പരിശോധന നടത്തി. പൊലീസിനെ കണ്ട് പരുങ്ങിയ രഞ്ജിത്ത് കുമാറിന്റെ ഷോൾഡർ ബാഗ് പരിശോധിച്ചപ്പോൾ പണം കണ്ടെത്തി. ടിക്കറ്റ് പരിശോധിച്ചപ്പോൾ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു. വേറെ ബോഗികളിലായിരുന്ന അവരുടെ ഷോൾഡർ ബാഗുകളിലും പണമുണ്ടായിരുന്നു. രണ്ടായിരത്തിന്റെയും അഞ്ചൂറിന്റെയും നോട്ടുകളാണ്.
കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷനിൽ എത്തിക്കാനായി തൃച്ഛന്തൂരിൽ നിന്ന് ഒരാൾ ഏൽപ്പിച്ചുവെന്നാണ് മൂവരുടെയും വെളിപ്പെടുത്തൽ. പണം കൈമാറിയ വ്യക്തിയെ കുറിച്ചും ഏൽപ്പിക്കേണ്ട ആളിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മൂവരും മറുപടി പറഞ്ഞില്ല. തൃച്ചന്തൂരിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. കരുനാഗപ്പള്ളിയിലേക്കുള്ള ടിക്കറ്റാണ് കൈയിൽ ഉണ്ടായിരുന്നത്. എറണാകുളം റെയിൽവേ ഡിവൈ.എസ്.പി പ്രശാന്ത്, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജോർജ് ജോസഫ് എന്നിവരുടെ മേൽനോട്ടത്തിൽ പുനലൂർ അഡി. എസ്.ഐ ഷാജഹാൻ, കൊല്ലം റെയിൽവേ എസ്.ഐ മനോജ് കുമാർ, റെയിൽവേ ഇന്റലിജൻസ് ഡ്യൂട്ടി - ഡൻസാഫ് ടീമംഗങ്ങളായ രവിചന്ദ്രൻ, രാജു, ആദിത്യ, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.