jyothy
മനോനില വീണ്ടെടുത്ത ജ്യോതി മൊബൈലിലൂടെ പിതാവിനോടു സംസാരിക്കുന്നു

കൊട്ടാരക്കര: കലയപുരം ആശ്രയയിലെ അന്തേവാസിയായ ജ്യോതിയുടെ ഉറ്റവരെ കണ്ടെത്താനുള്ള കാത്തിരിപ്പ് നാലു വർഷത്തിനൊടുവിൽ സഫലമാകുന്നു. ഇനി ബന്ധുക്കൾ എത്തേണ്ട താമസം മാത്രം. തമിഴ്നാട്ടിൽ റാണിപ്പെട്ട് ജില്ലയിലെ നെമിലി താലൂക്കിൽ ഷോലിങ്കർ ഗ്രാമത്തിലുള്ള ജ്യോതിയെന്ന (39) യുവതിയെ നാലുവർഷങ്ങൾക്കു മുമ്പാണ് കൊട്ടാരക്കര പൊലീസ് കലയപുരം ആശ്രയയിലെത്തിച്ചത്. മനോനില തകരാറിലായി വീടുവിട്ടിറങ്ങിയ ജ്യോതി എങ്ങനെയോ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെത്തിപ്പെടുകയായിരുന്നു. അവിടെനിന്നാണ് പൊലീസ് ഇവരെ ആശ്രയയിലെത്തിച്ചത്.

ആശ്രയ സങ്കേതത്തിലെ മനോരോഗ വിദഗ്ദ്ധരുടെയും കൗൺസിലർമാരുടെയും ശ്രമഫലമായാണ് ജ്യോതിക്ക് ഓർമ്മ വീണ്ടെടുക്കാൻ സാധിച്ചത്. കൂലിപ്പണിക്കാരനായ മനോഹരന്റെയും മണിമേഖലയുടെയും ഏകമകളായ ജ്യോതി വിവാഹിതയും ഒരു മകളുടെ മാതാവുമാണ്. സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയാണ് മനസിന്റെ താളം തെറ്റിയതും വീടുവിട്ടിറങ്ങിയതും. ഓർമ്മ തിരികെ കിട്ടിയ ജ്യോതി വീട്ടിലേക്ക് തിരികെ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് ആശ്രയ നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്താനായത്.

ഷോലിങ്കർ ഗ്രാമത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഷംസുദ്ദീൻ എന്നയാൾ വഴിയാണ് ജ്യോതിയെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്. തുടർന്ന് വീഡിയോ കാളിലൂടെ അച്ഛനും മകളും തമ്മിൽ സംസാരിച്ചു. നാലുവർഷത്തിനിടയിൽ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും മകളെ രണ്ടു വർഷം മുമ്പ് വിവാഹം കഴിപ്പിച്ചയച്ചെന്നും പിതാവ് ജ്യോതിയെ അറിയിച്ചു. കൊട്ടാരക്കര ആശ്രയ സങ്കേതത്തിലെത്തി കൂട്ടിക്കൊണ്ടുപോകാമെന്ന് അച്ഛൻ മനോഹരൻ ജ്യോതിക്ക് ഉറപ്പു നൽകിയിരിക്കുകയാണ്.