jelly

 അഷ്ടമുടിയിൽ മത്സ്യബന്ധനം പ്രതിസന്ധിയിൽ

കൊല്ലം: കടൽചൊറി എന്നറിയപ്പെടുന്ന ജെല്ലി ഫിഷ് അഷ്ടമുടികായലിൽ നിറയുന്നു. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലായി. കാണാൻ സൗന്ദര്യമുള്ളതാണെങ്കിലും ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെടും. ചിലയിനങ്ങളുടെ വിഷം ശരീരത്തിലേറ്റാൽ മരണം വരെ സംഭവിക്കാം.

കരിപ്പെട്ടി ചൊറിയെന്നും ചിലയിടങ്ങളിൽ ഇവ അറിയപ്പെടുന്നു. കടലിലാണ് കൂടുതലായും കാണുന്നത്. എന്നാൽ കടലുമായി ചേർന്നുള്ള കായലുകളിലും ഇവയെത്താറുണ്ട്. അഷ്ടമുടി കായലിലെ നീണ്ടകര, മുക്കാട്, അരവിള, പ്രാക്കുളം, കോയിവിള ഭാഗങ്ങളിലാണ് ഇവയുടെ വ്യാപക സാന്നിദ്ധ്യം കണ്ടെത്തിയത്.

കക്ക, കല്ലുമ്മേക്കാ, മുരിങ്ങ, ചിപ്പി കക്ക എന്നിവയിലൂടെ ഉപജീവനം നടത്തുന്നവർക്കാണ് കൂടുതലായും ഇവയുടെ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. മത്സ്യബന്ധന വലകളിലും കൂടുതലായി കുരുങ്ങുന്നുണ്ട്. തെളിഞ്ഞ വെള്ളമാണെങ്കിൽ മാത്രമേ ഇവയെ തിരിച്ചറിയാൻ സാധിക്കുകയുള്ളുവെന്നതിനാൽ കായലിൽ ഇറങ്ങുന്നവർക്ക് ഇവയുടെ സാന്നിദ്ധ്യം പെട്ടെന്ന് മനസിലാകില്ല.

 ചൈനയിലേയ്ക്ക് കയറ്റുമതി

തദ്ദേശീയമായി ജെല്ലിഫിഷ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നില്ലെങ്കിലും ചൈനയിലേക്ക് ഇവ കയറ്റി അയക്കുന്നുണ്ട്. ചൈന,​ ജപ്പാൻ,​ കൊറിയ എന്നീ രാജ്യങ്ങൾ വിശിഷ്ട ഭക്ഷണമായാണ് കാണുന്നത്. ബിസ്കറ്റ് നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്. നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് നിന്ന് ഇവ ശേഖരിക്കുന്നുണ്ട്. ജെല്ലി ഫിഷ് പിടിക്കുന്നതിനായി പോകുന്ന മത്സ്യബന്ധന ബോട്ടുകളുമുണ്ട്. നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവ കൂടുതലായും ലഭ്യമാകുന്നത്.

 ജെല്ലിഫിഷ്

പേരിൽ ഫിഷ് ഉണ്ടെങ്കിലും മത്സ്യമല്ല. തുറന്നുവച്ച കുടയുടെ ആകൃതിയിലുള്ള ഉടലും താഴേക്ക് നീണ്ടുകിടക്കുന്ന വേരുകൾ പോലുള്ള ടെന്റക്കിളുകളും ഉള്ളതാണ് ശരീരഘടന. ടെന്റക്കിളുകൾ ഉപയോഗിച്ച് ചെറുമത്സ്യങ്ങൾ, മീൻമുട്ടകൾ, വിര എന്നിവ ആഹാരമാകും. തലച്ചോർ ഇല്ലാത്ത ജീവിയാണ് ജെല്ലിഫിഷ്. ത്വക്കിലൂടെയാണ് ശ്വസിക്കുന്നത്.

 ടെന്റക്കിളുകളുടെ നീളം: 20 ​- 30 സെന്റിമീറ്റർ

 ശരീരത്തിലെ വെള്ളം: 90 %

 ആയുസ്: 2 വർഷം

 കിലോയ്ക്ക് വില: 5 - 15 രൂപ