കൊല്ലം: സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന നാടകോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4ന് ഭിന്നശേഷിയുള്ള കലാ സാംസ്കാരിക കാരുണ്യ പ്രവർത്തകരുടെ സംഗമം നടക്കും. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന ഏകാംഗ കമ്മിഷണർ ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ അദ്ധ്യക്ഷത വഹിക്കും. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ, നിയമപരിരക്ഷകൾ, അവ കാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും.
'നവോത്ഥാനത്തിനും സാംസ്‌കാരികതയ്ക്കും അരങ്ങിന്റെ സംഭാവനകൾ' എന്ന വിഷയത്തിൽ ഇന്നലെ നടന്ന സെമിനാർ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. എം. മുകേഷ് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, കെ.പി.എ.സി. ലീലാകൃഷ്ണൻ, ജോർജ് എഫ്. സേവ്യർ വലിയവീട്, ബൈജു എസ്. പട്ടത്താനം തുടങ്ങിയവർ സംസാരിച്ചു.