photo
ആലുംകടവ് ശ്രീനാരായണ ഗുരുക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ഇറച്ചിക്കട.

കരുനാഗപ്പള്ളി: ആലുംകടവിന് കിഴക്കുവശത്തുള്ള ശ്രീനാരായണ ഗുരുക്ഷേത്രത്തിനടുത്ത് മാടുകളെ കശാപ്പ് ചെയ്ത് കെട്ടിത്തൂക്കി വില്പന നടത്തുന്നത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗുരുക്ഷേത്രത്തിന് ഏതാനും മീറ്റർ അകലെയായി റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഷെഡിലാണ് അറവുമാടുകളുടെ മാംസം വില്പന നടത്തുന്നത്. കശാപ്പ് ചെയ്യുന്ന മാടിന്റെ തല ഇവിടെ പരസ്യമായി പ്രദർശിപ്പിക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. മാടുകളുടെ മാംസ വില്പന മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് ഗുരുക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പ്രധാന ആവശ്യം.

മൂന്നാംമൂട്ടിലും ആലുംകടവിലും പ്രവർത്തിച്ചിരുന്ന മത്സ്യ,​ മാംസ മാർക്കറ്റുകളാണ് ഒരു വർഷം മുമ്പ് ആലുംകടവിന് കിഴക്കുവശത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് മാറ്റിസ്ഥാപിച്ചത്. പുലർച്ചെ ആറുമണിക്ക് ആരംഭിക്കുന്ന കച്ചവടം രാവിലെ 9 ഒാടെയാണ് അവസാനിക്കുന്നത്. മാടുകളുടെ മാംസം വിൽക്കുന്ന സ്ഥലം മറികടന്നുവേണം ഭക്തർ ഗുരുക്ഷേത്രത്തിൽ എത്താൻ. ഇക്കാരണത്താൽ രാവിലെ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഗുരുക്ഷേത്രത്തിന് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചിക്കട മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ കോയിത്തറ ബാബു കരുനാഗപ്പള്ളി നഗരസഭയ്ക്ക് പരാതി നൽകിയിരിക്കുകയാണ്.

മത്സ്യ മാർക്കറ്റിൽ ജനത്തിരക്ക്

ആലുംകടവിന് കിഴക്കുവശത്തുള്ള മത്സ്യ മാർക്കറ്റിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മത്സ്യക്കച്ചവടത്തിനായി എത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശങ്ങൾ അവഗണിച്ച് മാസ്ക് പോലും ധരിക്കാതെയാണ് ആളുകൾ കൂട്ടത്തോടെ ഇവിടെ വന്നുപോകുന്നത്. പൊലീസിന്റെ പട്രോളിംഗ് വിഭാഗം ഇവിടെ പരിശോധന നടത്താറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ആലുംകടവിൽ ആധുനികരീതിയിലുള്ള മത്സ്യമാർക്കറ്റ് സ്ഥാപിക്കുന്നതിനായി കരുനാഗപ്പള്ളി നഗരസഭ രണ്ട് വർഷത്തിന് മുമ്പ് 25 ലക്ഷം രൂപ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു. എന്നാൽ ആലുംകടവിൽ സ്ഥലം ലഭ്യമാകാതെ വന്നതിനെ തുടർന്ന് പദ്ധതി നടപ്പായില്ല.