covid
covid

അഞ്ചൽ: ഒരു ഇടവേളയ്ക്ക് ശേഷം അഞ്ചലിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.കൊവിഡിന്റെ രണ്ടാം വരവ് ആളുകളിൽ ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ആളുകളിൽ പലരും അലക്ഷ്യമായി മാസ്കുകൾ ധരിക്കുകയും കൂട്ടം കൂടി നിൽക്കുകയും ചെയ്തിട്ടും നടപടി ഇല്ല. ആരോഗ്യ വകുപ്പ് അധികൃതർ ഇടയ്ക്കിടെ വ്യാപാര സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടുതലാണ്. ഇതിനെ ചോദ്യം ചെയ്യുന്നതിന്റെ പേരിൽ യാത്രക്കാരും ബസ് ജീവനക്കാരുമായി പലപ്പോഴും കലഹത്തിലേർപ്പെടുന്നതും പതിവായിട്ടുണ്ട്.

പൊലീസ് പരിശോധന ഇല്ല

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നോ എന്ന് ഉറപ്പുവരുത്താൻ പൊലീസ് പരിശോധന ഇല്ലാത്തത് കൊവിഡ് വ്യാപന സാദ്ധ്യത കൂട്ടുന്നതായി നാട്ടുകാർ ആരോപിക്കുന്നു. നേരത്തെ ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടുചെയ്തിട്ടുള്ള മേഖലയാണ് അഞ്ചൽ. എന്നാൽ പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെ മറ്റ് അധികൃതരുടെയും ശക്തമായ ഇടപെടൽ മൂലം വ്യാപനം ഒരു പരിധിവരെ തടഞ്ഞ് നിറുത്താൻ കഴിഞ്ഞിരുന്നു.

നാട്ടുകാർ ആശങ്കയിൽ

മുൻകാലങ്ങളിൽ ഗ്രാമപഞ്ചായത്തുകളും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ മേഖലയിൽ ഏരൂർ ഗ്രാമപ‌ഞ്ചായത്ത് മാത്രമാണ് കൊവിഡ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ദിനംപ്രതി ഉണ്ടാകുന്ന കൊവിഡ് ബാധിതരെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതും കൊവിഡ് ബാധിതർ മാനദണ്ഡങ്ങൾ ലംഘിച്ച് യഥേഷ്ടം യാത്ര ചെയ്യുന്നതും ഭീതി ഉളവാക്കിയിട്ടുണ്ട്. പൊലീസും ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് ഉൾപ്പടെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിനങ്ങളിൽ ഈ മേഖലയിൽ കൊവിഡിന്റെ വ്യാപനം പിടിവിടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.