പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂർ പട്ടണത്തിലെ ഗതാഗതക്കുരുക്കും റോഡിലെ വെള്ളക്കെട്ടും ഒഴിവാക്കും. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമിന്റെയും ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തിൽ പൊലീസും പൊതുമരാമത്ത് വകുപ്പും ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പട്ടണത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ഡിവൈഡർ സ്ഥാപിക്കും
മലയോര ഹൈവേയും ദേശീയ പാതയും സംഘമിക്കുന്ന കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കൻ പരീക്ഷണാർത്ഥം ഡിവൈഡർ സ്ഥാപിച്ച് വാഹനങ്ങളെ പഴയ നിലയിൽ തിരിച്ച് വിടും. ഇത്പരാജയപ്പെട്ടാൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കും. 3മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ജംഗഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം അപകടങ്ങൾ ഉണ്ടാകുമെന്ന പരാതി വ്യാപകമായിരുന്നു.തെന്മല, പത്തനാപുരം ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ജംഗഷൻ വഴി അഞ്ചൽ പ്രദേശത്തോട്ട് പോകേണ്ട വാഹനങ്ങൾ എത് വഴി കടന്ന് പോകണമെന്നറിയാതെ ആശങ്കപ്പെടുകയായിരുന്നു. ഇത് കണക്കിലെടുത്താണ് പഴയ നിലയിൽ വാഹനങ്ങൾ തിരിച്ച് വിടാനുള്ള താത്ക്കാലിക സംവിധാനം ഒരുക്കാൻ നഗരസഭയും ഉദ്യോഗസ്ഥരും തീരുമാനിച്ചത്.
ഓവുകൾ തുറക്കും
ചൗക്കറോഡ് , റെയിൽവേ അടിപ്പാത, കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപത്തെ പാതയോരങ്ങളിൽ മഴ വെള്ളം കെട്ടി നിൽക്കുന്നത് ഒഴുവാക്കും.
രണ്ട് വർഷം മുമ്പ് ടൗണിലെ പാതയും ഓടയും നടപ്പാതയും നവീകരിച്ച് മോടി പിടിപ്പിച്ചിരുന്നു.ഇതിനിടെ റോഡിൽ നിന്ന് ഓടയിലേക്ക് മഴ വെള്ളം ഒഴുകി പോകേണ്ട ഓവുകൾ അടഞ്ഞത് കാരണമാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ മുഖ്യകാരണമെന്ന് പരിശോധനക്കിടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കണ്ടെത്തി. റോഡിൽ നിന്ന് ഓടയിലേക്ക് മഴ വെള്ളം ഒഴുകി പോകേണ്ട ഓവുകൾ വലുതാക്കി തുറന്ന് വിടും.രണ്ട് ആഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് കാരണം കാൽ നടയാത്രക്കാരും വ്യാപാരികളും ഏറെ ദുരിതമാണ് അനുഭവിച്ച് വരുന്നത്.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ വസന്തരഞ്ചൻ, എസ്.ഐ.ജെ.എസ്.മിഥുൻഎന്നിവർക്ക് പുറമെ പൊതുമരാമത്ത്, ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരും പാത പരിശോധനയിൽ പങ്കെടുത്തു.