കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പരിശോധനയ്ക്കിടെ മുണ്ടയ്ക്കലിൽ പൊലീസും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. വയോധികനെ പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്നലെ രാവിലെ തുമ്പറ ചന്തയ്ക്ക് സമീപമായിരുന്നു സംഭവം.
ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ റോഡുവക്കിൽ തെറ്റായ ദിശയിൽ വാഹനം പാർക്ക് ചെയ്തുവെന്ന് ആരോപിച്ച് മുണ്ടയ്ക്കൽ സ്വദേശി ചന്ദ്രബാബുവിന് പിഴ ചുമത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രദേശവാസികൾ ഇടപെട്ടതോടെ വാക്കുതർക്കമായി. രാവിലെ മഴ പെയ്തതിനാൽ പരിശോധനയ്ക്കെത്തിയ ഗ്രേഡ് എസ്.ഐ യൂണിഫോമിന് മുകളിലൂടെ റെയിൻ കോട്ട് ധരിച്ചിരുന്നു. യൂണിഫോം ധരിക്കാതെ പിഴ ചുമത്താൻ പറ്റില്ലെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്.
ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ചന്ദ്രബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തി. ഈസ്റ്റ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തി നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.