theif

ചാത്തന്നൂർ: ഊറാംവിളയിൽ അർദ്ധരാത്രി വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം. ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലെ മുൻ പ്രിൻസിപ്പലായ രാജമ്മയുടെ ഊറാംവിള വി.എൻ.എസ് ഹൗസിലായിരുന്നു മോഷണം നടന്നത്. ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരിക്കാം സംഭവമെന്ന് പൊലീസ് പറയുന്നു. വീട്ടിനുള്ളിലെ മൂന്ന് അലമാരകൾ തകർത്ത് ഉള്ളിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫയലുകളും വലിച്ചുവാരിയിട്ട നിലയിലാണ്.

ആൾത്താമസമില്ലാതെ ഏറെനാളായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നയാൾ രാജമ്മയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന തന്റെ കാറെടുക്കാനായി ഇന്നലെ രാവിലെ എത്തിയപ്പോഴാണ് കതക് തകർത്തിരിക്കുന്നതായി കണ്ടത്. പണവും സ്വർണവും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. എന്തെല്ലാം നഷ്ടമായിട്ടുണ്ടെന്ന് കൂടുതൽ പരിശോധിച്ച ശേഷമേ അറിയാനാകൂവെന്ന് ബന്ധുക്കൾ പറഞ്ഞു.

ചാത്തന്നൂർ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അതേസമയം മൂന്ന് ദിവസമായി ഈ ഭാഗത്തെ തെരുവുവിളക്കുകൾ കത്തുന്നുണ്ടായിരുന്നില്ല. ഇക്കാരണത്താൽ മോഷണം മുൻകൂട്ടി പദ്ധതിയിട്ട് നടത്തിയതാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.