covid

 ഇന്നലെ സ്ഥിരീകരിച്ചത് 802 പേർക്ക്

കൊല്ലം: മറ്റ് ജില്ലകളിൽ പ്രതിദിന രോഗ സ്ഥിരീകരണം ആയിരം കടന്നപ്പോഴും ആശ്വാസത്തിൽ നിന്ന കൊല്ലത്തും കൊവിഡ് കുതിക്കുന്നു. ഇന്നലെ ജില്ലയിൽ 802 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഈമാസം ഇതുവരെ 5,750 പേർക്കാണ് കൊവിഡ് ബാധിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളികളായവർക്കായാണ് ഈമാസം ആദ്യം പ്രത്യേക പരിശോധന തുടങ്ങിയത്. എന്നാൽ എല്ലാ വിഭാഗം ആളുകളിലും രോഗം സ്ഥിരീകരിക്കുകയാണ്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തിയ വ്യാപക പരിശോധനയുടെ ഫലമാണ് ഇന്നലെ വന്നത്. വരും ദിവസങ്ങളിലും സമാനമായ തരത്തിൽ പരിശോധന തുടരും. അതുകൊണ്ട് തന്നെ രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളിൽ കൂടുതൽ ഉയരാനാണ് സാദ്ധ്യത. രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ സി.എഫ്.എൽ.ടി.സികൾ വരും ദിവസങ്ങളിൽ ആരംഭിക്കും.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 798 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 256 പേർ രോഗമുക്തരായി.

 ആകെ കൊവിഡ് ബാധിച്ചത്: 98,187

 നിലവിൽ ചികിത്സയിലുള്ളവർ: 2,628

 രോഗമുക്തർ: 95,170

 മരണം: 365

 പിടിമുറുക്കി പൊലീസ്, വട്ടംചുറ്റി ജനം

ഒരുവശത്ത് കൊവിഡ് ഭീഷണി ഉയരുമ്പോൾ മറുവശത്ത് പൊലീസിനെ പേടിച്ച് നട്ടംചുറ്റുകയാണ് ജനം. ടാർഗറ്റ് തികയ്ക്കാൻ പൊലീസ് ചെറിയ കുറ്റങ്ങൾ പോലും പെരുപ്പിച്ച് പിഴ ചുമത്തുന്നുവെന്നാണ് പരാതി. പൊലീസിന്റെ വാഹനപരിശോധനയ്ക്ക് മുന്നിലൂടെ ഹെൽമെറ്റ് ഉള്ളതിനാൽ തടയില്ലെന്ന ധൈര്യത്തിൽ വിട്ടുവന്ന ഇരുചക്രവാഹനയാത്രക്കാരെയും പിടിച്ചുനിറുത്തി. ഹെൽമെറ്റിനുള്ളിൽ മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തി. സാമൂഹിക അകലം പാലിച്ചില്ലെന്ന പേരിൽ പിഴ ചുമത്താൻ ശ്രമിച്ചത് പലയിടങ്ങളിലും വാക്കുതർക്കത്തിനിടയാക്കി.

രണ്ടാംസ്ഥാനത്ത് കൊല്ലം സിറ്റി

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് നടത്തുന്ന പ്രത്യേക പരിശോധനയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതിൽ രണ്ടാം സ്ഥാനത്ത് കൊല്ലമാണ്. തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തത്.

 സ്ഥലം, രജിസ്റ്റർ ചെയ്ത കേസുകൾ, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനം

കൊല്ലം സിറ്റി- 1413 - 227 - 6

കൊല്ലം റൂറൽ- 199 - 0 - 0