c
അംബേദ്കർ സ്മാരക കമ്യൂണിറ്റി ഹാൾ

പ്രതീകാത്മകമായി ഉദ്ഘാടനം നടത്തി സാധുജന പരിപാലന സംഘത്തിന്റെ പ്രതിഷേധം

ശാസ്താംകോട്ട: നിർമ്മാണം പൂർത്തീകരിച്ച് 30 വർഷം പിന്നിട്ടിട്ടും തുറന്നു നൽകാതിരുന്ന അംബേദ്കർ സ്മാരക കമ്യൂണിറ്റി ഹാൾ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്ത് സാധുജന പരിപാലന സംഘം കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ പ്രതിഷേധം. ശാസ്താംകോട്ടയിലെ ഭരണിക്കാവിൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് 1992ലാണ് കെട്ടിടം നിർമ്മിച്ചത്. പൊതുപരിപാടികൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടത്താനായി പണികഴിപ്പിച്ച ഹാൾ അധികൃതർ തുറന്നു നൽകാതായതോടെയാണ് കെട്ടിടം നശിക്കാൻ തുടങ്ങിയത്. സാമൂഹ്യ വിരുദ്ധർ കടന്നുകയറി വാതിലുകളും ജന്നലുകളും അടക്കം ഇളക്കി മാറ്റുകയും പരിസരം കാടുമൂടുകയും ചെയ്തതോടെ കെട്ടിടത്തിന്റെ തകർച്ച പൂർണമായി. ഹാളിന്റെ ഉടമസ്ഥാവകാശം കോടതി വിധിയിലൂടെ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് നേടിയെങ്കിലും കമ്യൂണിറ്റി ഹാൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

കമ്യൂണിറ്റി ഹാളും പരിസസരവും സാമൂഹ്യ വിരുദ്ധരുടെ താവളമായതോടെയാണ് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമ്യൂണിറ്റി ഹാളിന്റെ ശോച്യാവസ്ഥ പരിഹരിച്ച് പൊതുജനങ്ങൾക്ക് തുറന്നു നൽകാൻ അധികൃതർ തയ്യാറായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സാധുജന പരിപാലന സംഘം അറിയിച്ചു. പ്രതീകാത്മക ഉദ്ഘാടനത്തിന് രാജേഷ് വെള്ളായിക്കുന്നേൽ, ശ്രീനിലയം സുരേഷ്, അനിൽകുമാർ ശൂരനാട്, അനിത മുട്ടം, സി. ചന്ദ്രബാബു, അംബിയിൽ പ്രകാശ്, കെ.സി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

കെട്ടിടം നിർമ്മിച്ചത് - 1992ൽ