shinumon-19

പുനലൂർ: പി.എസ്.സി പരീക്ഷ എഴുതാൻ ബൈക്കിൽ പോയ ഐ.ടി.ഐ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരത്തെ സെമിനാരിയിൽ നിന്ന് പഠനം നടത്തുന്ന പുനലൂർ പേപ്പർമിൽ കാഞ്ഞിരമല പുത്തൻ വീട്ടിൽ ഷിനുമോനാണ് (19) മരിച്ചത്.

ഇന്നലെ രാവിലെ 7 ഓടെ ദേശീയപാതയിൽ ഇത്തിക്കര പാലത്തിന് സമീപത്തായിരുന്നു അപകടം. ചവറയിലെ പരീക്ഷാ സെന്ററിലേക്ക് ബൈക്കിൽ പോകുമ്പോൾ എതിർ ദിശയിൽ നിന്ന് ബസിനെ മറികടന്നെത്തിയ കാർ തട്ടിയാണ് പരിക്കേറ്റത്. റോഡിൽ തെറിച്ചുവീണ വിദ്യാർത്ഥിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ഷിബു ബേബി നാട്ടിലെത്തിയ ശേഷം പുനലൂർ പേപ്പർ മിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. മാതാവ്: സീന. സഹോദരൻ: സിജു.