ഓർഡിനറി സർവീസുകൾ പുനഃസ്ഥാപിച്ചില്ല
കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബസുകളിൽ യാത്രക്കാരെ നിറുത്താൻ അനുമതിയില്ലെന്നിരിക്കെ നിലവിലുള്ള സർവീസുകൾ പോലും മുടക്കി കെ.എസ്.ആർ.ടി.സി. കൊല്ലം ഡിപ്പോയിൽ നിന്ന് ആകെയുള്ള സർവീസുകളിൽ പകുതി മാത്രമാണ് മിക്ക ദിവസങ്ങളിലും നിരത്തിലിറങ്ങുന്നത്. വരുമാന നഷ്ടത്തിന്റെ പേരിൽ ചില സ്വകാര്യ ബസ് സർവീസുകളും താത്കാലികമായി നിറുത്തിയിട്ടുണ്ട്.
സീറ്റുകളിലെല്ലാം യാത്രക്കാർ ഇടംപിടിക്കുന്നതോടെ ബസുകൾ തുടർന്നുള്ള സ്റ്റോപ്പുകളിൽ ഇപ്പോൾ നിറുത്താറില്ല. ഇതുമൂലം ചെറു സ്റ്റോപ്പുകളിൽ നിൽക്കുന്ന യാത്രക്കാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. ഇവരിൽ ഭൂരിഭാഗവും സ്വന്തമായി വാഹനമില്ലാത്തവരും ഭീമമായ തുക ചെലവാക്കി മറ്റ് വാഹനങ്ങളെ ആശ്രയിക്കാൻ കഴിവില്ലാത്തവരുമാണ്.
കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള സർവീസുകളുടെ കാര്യക്ഷമത കുറവായതും അറ്റകുറ്റപ്പണിക്കായി ബസുകൾ ഷെഡിൽ കയറ്റുന്നതും മൂലം പല ട്രിപ്പുകളും മുടങ്ങുന്നുണ്ട്. ഗ്രാമീണ മേഖലകളിലേക്ക് രാവിലെയും വൈകിട്ടും മാത്രമാണ് ഇപ്പോൾ സർവീസുള്ളത്. ലോക്ക് ഡൗണിന് മുൻപ് നഗരത്തിലെ ചില പ്രദേശങ്ങളിലേക്ക് 30 മുതൽ 40 വരെ ട്രിപ്പുകളുണ്ടായിരുന്നത് നിലവിൽ നാലിനും പത്തിനുമിടയിലായി ചുരുങ്ങിയിട്ടുണ്ട്.
അനാസ്ഥയെന്ന് നാട്ടുകാർ
ഡ്രൈവർമാരുടെ കുറവും ബസുകളുടെ കാര്യക്ഷമതയില്ലായ്മയുമാണ് സർവീസിനെ ബാധിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ നേരത്തെ നടത്തിയിരുന്ന സർവീസുകളിൽ ഒന്നുപോലും ലോക്ക് ഡൗണിന് ശേഷം പുനഃസ്ഥാപിക്കാത്തത് കെടുകാര്യസ്ഥതയാണെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. നിലവിലുള്ള പശ്ചാത്തല സൗകര്യത്തിൽ തന്നെ ട്രിപ്പുകൾ പുനഃക്രമീകരിച്ചും എണ്ണം കൂട്ടിയും യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം.
കൊല്ലം ഡിപ്പോയിൽ
ആകെയുള്ള സർവീസുകൾ: 90
നിലവിൽ സർവീസ് നടത്തുന്നവ: 53
നിലവിലെ ഓർഡിനറി സർവീസുകൾ: 20 മുതൽ 25 വരെ