kuttappn

അഞ്ചൽ: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടെ സുഹൃത്തിനെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തി. ചണ്ണപ്പേട്ട മെത്രാൻതോട്ടം നാലുസെന്റ് കോളനിയിൽ കമ്പകത്ത് മൂട്ടിൽ വീട്ടിൽ കുട്ടപ്പനാണ് (49) കൊല്ലപ്പെട്ടത്. സുഹൃത്തായ ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി ലൈബുവിനെ (35) അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 8 ഓടെയായിരുന്നു സംഭവം. ലൈബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ട് മുതൽ ഇരുവരും മദ്യപിക്കുകയായിരുന്നു. ഇതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രി കുട്ടപ്പനെ തിരികെ വിളിക്കാൻ മകൻ വിഷ്ണു എത്തിയപ്പോൾ വീട്ടിൽ ബഹളം നടക്കുകയായിരുന്നു. ഇതിനിടയിലാണ് ലൈബു കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടിയത്. സംഭവം കണ്ടുനിന്ന വിഷ്ണു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ലൈബുവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.