navas
ശാസ്താംകോട്ട - ആഞ്ഞിലിമൂട് റോഡിലെ ഫിൽട്ടർ ഹൗസിന് സമീപം കലുങ്ക് നിർമ്മാണത്തിനായി റോഡിന്റെ ഒരു വശം മുറിച്ചിട്ടിരിക്കുന്നു

ശാസ്താംകോട്ട: ആഞ്ഞിലിമൂട് - ശാസ്താംകോട്ട റോഡിലെ ഫിൽട്ടർ ഹൗസിന് സമീപം കലുങ്ക് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കിഫ്ബി പദ്ധതിയനുസരിച്ച് നിർമ്മാണം പുരോഗമിക്കുന്ന റോഡിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയായിരുന്നു. അതിനു ശേഷം കലുങ്ക് നിർമ്മിക്കാനായി റോഡിന് ഒരു വശം മുറിച്ച് നിർമ്മാണം തുടങ്ങിയെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് നിറുത്തിയ പണി ഇനിയും പുനരാരംഭിച്ചിട്ടില്ല. റോഡിന്റെ ഒരു വശം കലുങ്ക് നിർമ്മാണത്തിനായി അടച്ചതോടെ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന പാതയാണിത്. രാവിലെയും വൈകിട്ടും ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു.

അപകട സാദ്ധ്യത

കലുങ്ക് നിർമ്മാണം നടക്കുന്ന റോഡിൽ മെറ്റലുകൾ ഇളകി വലിയ കുഴികൾ രൂപപ്പെട്ടതിനാൽ അപകട സാദ്ധ്യത വളരെ കൂടുതലാണ്. രാത്രി സമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ച്ചയാണ്. അടിയന്തരമായി കലുങ്ക് നിർമ്മാണം പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.