slug
ഫെബ്രുവരി രണ്ടിന് കേരളകൗമുദി നൽകിയ വാർത്ത

 അപേക്ഷ കാണാനില്ലെന്ന് ഉദ്യോഗസ്ഥർ

കൊല്ലം: മകന് മരുന്ന് വാങ്ങാൻ പോയിട്ട് വീട്ടിൽ അരി വാങ്ങാൻ പോലും കാശില്ല. അപ്പോഴാണ് മകന്റെ ചികിത്സയ്ക് 25,000 രൂപ നൽകാമെന്ന് സാന്ത്വനസ്പർശം ആദാലത്തിൽ മന്ത്രിമാർ നൽകിയ ഉറപ്പ് സിന്ധു ഓർത്തത്. ഭർത്താവിനെയും മകനെയും വീട്ടിൽ അടച്ചിട്ട് സിന്ധു കളക്ടറേറ്റിലേക്ക് ഓടി. ആ ഓട്ടം ഇനിയും അവസാനിച്ചിട്ടില്ല. സർക്കാർ ഓഫീസുകൾ പലതും കയറിയിറങ്ങി. ഇപ്പോൾ സിന്ധു നൽകിയ അപേക്ഷ കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ജ​ന്മ​നാ ത​ളർ​ന്നുകി​ട​ക്കു​ന്ന മ​കൻ വി​ജീ​ഷു​മാ​യാണ് സി​ന്ധു രണ്ടരമാസം മുൻപ് കൊല്ലം എസ്.എൻ കോളേജിൽ നടന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തിനെ​ത്തി​യ​ത്. ചികിത്സാ സഹായത്തിനുള്ള അപേക്ഷയായിരുന്നു സിന്ധു തയ്യാറാക്കിയിരുന്നത്. ഓ​ട്ടോ​യിൽ നി​ന്ന് മ​ക​നു​മാ​യി പു​റ​ത്തി​റ​ങ്ങാൻ ക​ഴി​യാ​ത്ത സി​ന്ധു​വി​ന്റെ അ​രി​കി​ലേ​ക്ക് മ​ന്ത്രി​മാ​രാ​യ ജെ. മേ​ഴ്‌​സി​ക്കു​ട്ടി​അ​മ്മ​യും കെ. രാ​ജു​വും നേ​രി​ട്ടെ​ത്തി.

മന്ത്രിമാർ കുടുംബവിവിരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഭർത്താവ് വിജയൻ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. ഒരുതുണ്ട് ഭൂമി പോലും ഇല്ലാത്ത ഇവർ വർഷങ്ങളായി വാടക വീട്ടിലാണ് താമസം. മനസലിവ് തോന്നിയ മന്ത്രിമാർ 25,000 രൂപ വിജീഷിന് സാമ്പത്തിക സഹായം അനുവദിച്ചു. ഇതിന് പുറമേ ലൈ​ഫ് മി​ഷ​ന്റെ മൂ​ന്നാം ഘ​ട്ട​ത്തിൽ മുൻ​ഗ​ണ​നാ പ​ട്ടി​ക​യിൽ ഉൾ​പ്പെ​ടു​ത്തി വീ​ടും സ്ഥ​ല​വും നൽ​കാ​മെ​ന്ന് ഉറപ്പും നൽകി.

 ഉറപ്പായിട്ടും, വട്ടം ചുറ്റി ഒരമ്മ

ദിവസങ്ങൾക്ക് ശേഷം മന്ത്രിമാരുടെ ഉറപ്പ് വിശ്വസിച്ച് സിന്ധു കളക്ടറേറ്റിലെത്തി. അപ്പോൾ അദാലത്തിന്റെ അപേക്ഷകളെല്ലാം താലൂക്ക് ഓഫീസുകൾക്ക് കൈമാറിയെന്ന് പറഞ്ഞു. താലൂക്ക് ഓഫീസിൽ ചെന്നപ്പോൾ വില്ലേജ് ഓഫീസിലേക്ക് അയച്ചെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ നിലവിൽ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. രോഗാവസ്ഥ സംബന്ധിച്ച സാക്ഷ്യപത്രവുമായി വില്ലേജ് ഓഫീസിലെത്തി. അപ്പോഴാണ് സിന്ധുവിന്റെ അപേക്ഷ ഉദ്യോഗസ്ഥർ തിരക്കുന്നത്. ഓഫീസാകെ അരിച്ചുപെറുക്കിയിട്ടും അപേക്ഷ കണ്ടില്ല. ഒടുവിൽ താലൂക്കിൽ കാണുമെന്ന് പറഞ്ഞ് പറഞ്ഞയച്ചു. താലൂക്കിൽ എത്തിയപ്പോൾ അവിടെയും കാണാനില്ല. മന്ത്രിമാർ ഓട്ടോറിക്ഷയ്ക്ക് അടുത്തെത്തി സിന്ധുവിന് സഹായം വാഗ്ദാനം ചെയ്യുന്ന ചിത്രവും വാർത്തയും തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിലെല്ലാം അടിച്ചുവന്നു. അത് മാത്രമാണ് സിന്ധുവിന്റെ കൈവശം ഇപ്പോഴുള്ള ഏക തെളിവ്.

''

ഭർത്താവ് ബൈപ്പാസ് സർജറി കഴിഞ്ഞ് കിടപ്പിലാണ്. തളർന്ന് കിടക്കുന്ന മകനെ വീട്ടിൽ നിറുത്തിയിട്ട് തനിക്ക് ജോലിക്ക് പോകാനാകില്ല. ഇപ്പോൾ ആദാലത്തിൽ ഉറപ്പ് പറഞ്ഞ പണം കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു. വാടകയ്ക്ക് താമസിക്കുന്ന വീട് ഒഴിഞ്ഞുനൽകാൻ ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്.

സിന്ധു