ozhive

 റാങ്ക് ലിസ്റ്റ് കാലാവധി എട്ടുമാസം കൂടി

കൊല്ലം: ജില്ലയിലെ യു.പി സ്കൂൾ അസിസ്റ്റന്റ് ഒഴിവുകൾ മറച്ചുവച്ച് അധികൃതർ കബളിപ്പിക്കുകയാണെന്ന് ഉദ്യോഗാർത്ഥികളുടെ ആരോപണം. നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ എട്ടുമാസം ബാക്കിനിൽക്കെ കഴിഞ്ഞ ഒന്നരവർഷമായി ഒഴിവുകൾ പി.എസ്.സിയെ അറിയിക്കുന്നില്ലെന്നും നിയമനം നടത്തുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

ജില്ലയിൽ നിലവിൽ അറുപതിലധികം ഒഴിവുകളുണ്ടായിട്ടും ആറെണ്ണം മാത്രമേയുളൂവെന്നാണ് അധികൃതരുടെ വിശദീകരണം. താരതമ്യേന സ്‌കൂളുകളുടെ എണ്ണം കുറവായ പത്തനംതിട്ട ജില്ലയിൽ അടുത്തിടെയും നിയമന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടൊപ്പം അന്തർ ജില്ലാ സ്ഥലംമാറ്റത്തിലൂടെയുള്ള ഒഴിവുകൾ അറിയിക്കുന്നതിലും വിദ്യാഭ്യാസ വകുപ്പ് വീഴ്ചവരുത്തുന്നതായും ആക്ഷേപമുണ്ട്. ജില്ലാ സ്ഥലം മാറ്റത്തിനായി മറ്റുവകുപ്പുകളിൽ പത്ത് ശതമാനം മാത്രമാണ് ഒഴിവുകൾ മാറ്റിവയ്ക്കുന്നത്. എന്നാൽ വിദ്യാഭ്യാസ വകുപ്പിൽ ഇത് 30 മുതൽ 35 ശതമാണ്.

 ഒഴിവുണ്ടെങ്കിൽ അറിയിക്കും

ഒഴിവുകൾ അറിയിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. ഒഴിവുകൾ അറിയിക്കുന്ന മുറയ്ക്ക് നിയമന ശുപാർശ അയക്കുമെന്നും പി.എസ്.സി അധികൃതർ അറിയിച്ചു. ജില്ലയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസമുണ്ടാകുന്നുവെന്ന് കാട്ടി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.എസ്.സി അറിയിച്ചു.

 യു.പി.സ്‌കൂൾ അസിസ്റ്റന്റ്

കാറ്റഗറി നമ്പർ: 386/2014
അപേക്ഷ ക്ഷണിച്ചത്: 2014 സെപ്തംബർ 10
പരീക്ഷ നടന്നത്: 2016 ഡിസംബർ 17
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്: 2019 ജനുവരി 18

 2019 ൽ ജില്ലയിൽ ഒഴിവുകൾ: 400
നിയമനം നടത്തിയത്: 268
നിലവിലുള്ള ഒഴിവുകൾ: 60
റിപ്പോർട്ട് ചെയ്ത ഒഴിവുകൾ: 06

"

റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രമുള്ളത്. കഷ്ടപ്പെട്ട് പഠിച്ച് അവസരം കാത്തുകഴിയുന്ന ഞങ്ങളെപ്പോലെ നൂറുകണക്കിനുള്ളവരെ അധികൃതർ നിരാശയിലേക്ക് തള്ളിവിടരുത്.

ഉദ്യോഗാർത്ഥികൾ