തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെടും
കൊല്ലം: വസ്തു കച്ചവടക്കാരനെ കമ്പത്തെത്തിച്ച് വിവസ്ത്രനാക്കി തോക്കുചൂണ്ടി അഞ്ചരലക്ഷം രൂപയും അഞ്ചരപവനും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതികളെ കണ്ടെത്താൻ കൊല്ലം സിറ്റി പൊലീസ് കമ്പത്തേയ്ക്ക് പോകും. തമിഴ്നാട്ടിലെ പ്രമുഖ ടെക്‌സ്‌റ്റൈൽസ് ഗ്രൂപ്പിന്റെ പേരിലുള്ള അക്കൗണ്ടാണ് കൊള്ളസംഘം അഞ്ചുലക്ഷം രൂപ കൈമാറാനായി ഉപയോഗിച്ചത്.
തട്ടിപ്പിനിരയായ കൊല്ലം പള്ളിത്തോട്ടം സ്വദേശി സക്കറിയയിൽ നിന്ന് ഇന്നലെ അന്വേഷണസംഘം മൊഴിയെടുത്തു. വിവസ്ത്രനാക്കി ആറ് മണിക്കൂറോളം തോക്കിൻ മുനയിൽ നിറുത്തിയായിരുന്നു പൊന്നും പണവും തട്ടിയെടുത്തതെന്ന് മൊഴി നൽകി. മൊഴിപ്പകർപ്പ് കൊല്ലത്തെ കോടതിയിൽ സമർപ്പിച്ച് അന്വേഷണാനുമതിയും സെർച്ച് വാറണ്ടും വാങ്ങും. ഇത് തേനിയിലെ എസ്.പിക്ക് കൈമാറും. അവിടത്തെ പൊലീസ് സംഘത്തെയും ഉൾപ്പെടുത്തിയാവും അന്വേഷണം.
തമിഴ്നാട് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫെന്ന് പരിചയപ്പെടുത്തിയാണ് സക്കറിയയെ കമ്പത്തേക്ക് ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ മകൻ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കമ്പം. മുഖ്യമന്ത്രിയുടെ ഓഫീസുമായും അന്വേഷണ സംഘം ബന്ധപ്പെടും.
കേസ് തട്ടിക്കൊണ്ടുപോകലിന്
'പ്രതിഫലം ആവശ്യപ്പെട്ടോ ഭീഷണിപ്പെടുത്തിയോ തട്ടിക്കൊണ്ടുപോകൽ' എന്ന വകുപ്പിൽ ഉൾപ്പെടുത്തിയാകും കേസെടുക്കുക. ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഭരണഘടനയിൽ പുതുതായി കൂട്ടിച്ചേർത്ത 364എ വകുപ്പനുസരിച്ചാണ് കേസ്. കവർച്ചയ്ക്കും ശാരീരികപീഡനത്തിനും ഈ വകുപ്പുതന്നെ ഉപയോഗിക്കും.
ദുരൂഹമായി ഗാർമെന്റ്‌സ് അക്കൗണ്ട്
തമിഴ്നാട്ടിലെ പ്രമുഖ ടെക്‌സ്‌റ്റൈൽസ് ഗ്രൂപ്പാണ് ജെ.ജെ ഗാർമെന്റ്‌സ്. ഇവരുടെ പേരിൽ യൂണിയൻ ബാങ്കിലുള്ള 622301010050906 എന്ന അക്കൗണ്ട് നമ്പരിലേക്കാണ് കൊള്ളസംഘം ആവശ്യപ്പെട്ടതനുസരിച്ച് പണം നിക്ഷേപിച്ചത്. ഒന്നുകിൽ സംഘത്തിലെ കണ്ണികൾ ജെ.ജെ ഗാർമെന്റ്‌സുമായി ബന്ധപ്പെട്ടവരാകാം. അല്ലെങ്കിൽ ജെ.ജെ ഗാർമെന്റ്‌സിന്റെ പേരിലെടുത്ത വ്യാജ അക്കൗണ്ടാവാം. തട്ടിയെടുത്ത അഞ്ചുലക്ഷം രൂപയിൽ നാലുലക്ഷവും പിൻവലിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്.