കരുനാഗപ്പള്ളി : കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരം ഏറ്റെടുക്കുന്ന ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം നാടിന് മാതൃകയാകുന്നു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച കല്ലേലിഭാഗം അനിൽ ഭവനത്തിൽ ഭാസ്കരന്റെ സംസ്കാരം നടത്തിയത് പാലിയേറ്റീവ് സൊസൈറ്റി വാളണ്ടിയർമാരായ ടി.ആർ. ശ്രീനാഥ്, എസ്. സന്ദീപ് ലാൽ, ഷാഹി, ലാലി എന്നിവരുടെ നേതൃത്വത്തിലാണ്. ചവറ സ്വദേശി കുഞ്ഞിക്കുട്ടിയുടെ സംസ്കാരം വാളണ്ടിയർമാരായ ഇന്ദുരാജ്, അയ്യപ്പൻ, കിരൺ, സജീഷ് എന്നിവർ ചേർന്ന് നടത്തി. ഞായറാഴ്ച കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ കൊവിഡ് ബാധിച്ച് മരിച്ച വരമ്പത്തേരിൽ പടീറ്റതിൽ ചെല്ലമ്മയുടെ മൃതദേഹം പാലിയേറ്റീവ് പ്രവർത്തകരായ അയ്യപ്പൻ, അജിനാസ്, സൈജു, രതീഷ് എന്നിവർ ചേർന്നാണ് സംസ്കരിച്ചത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി എസ്.വി മാർക്കറ്റ് ചക്കാലയിൽ നീതു മോൾക്ക് പി.എസ്.സി പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയതും പാലിയേറ്റീവ് പ്രവർത്തകരാണ്. സൊസൈറ്റി സെക്രട്ടറിയും നഗരസഭാ ചെയർമാനുമായ കോട്ടയിൽ രാജു, പ്രസിഡന്റ് കെ.ജി. ശിവപ്രസാദ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കൊവിഡ് കാലത്ത് 85പേരുടെ മൃതദേഹങ്ങളാണ് സൊസൈറ്റി പ്രവർത്തകർ സംസ്കരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ പലരും മടിക്കുമ്പോഴാണ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ ഭയരഹിതരായി രംഗത്തെത്തുന്നത്.