chakka

 തമിഴ്‌നാട്ടിൽ ആവശ്യക്കാർ കൂടി

കൊല്ലം: തമിഴ്നാട് വിപണിയിൽ ആവശ്യക്കാരേറിതോടെ തേനൂറുന്ന നാട്ടുപ്ളാവിൻ ചക്കകൾക്ക് നല്ലകാലം. പ്ളാവിൽ കിടന്ന് പഴുത്ത് അഴുകി അടർന്നുവീഴുന്ന കാഴ്ചകൾക്കും ഇതോടെ അറുതിയാവുകയാണ്.

കേരളത്തിൽ നിന്ന് വരിക്കച്ചക്ക വാങ്ങി തമിഴ്‌ വിപണിയിലെത്തിക്കുന്ന വ്യാപാരികളും ഇടനിലക്കാരും സജീവമായിട്ടുണ്ട്. വീടുകളിലെത്തി അടങ്കൽ തുക പറഞ്ഞ് ചക്ക അടർത്തുന്നതാണ് രീതി. ഒരു ചക്കയ്ക്ക് വലുപ്പം അനുസരിച്ച് 100 മുതൽ 150 രൂപവരെ ലഭിക്കും. മുൻപ് 5 - 10 രൂപയാണ് ലഭിച്ചിരുന്നത്. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസം ഉണ്ടാകും.

തമിഴ്‌നാട്ടിൽ നിന്ന് പ്രതിദിനമെത്തുന്ന പച്ചക്കറി ലോറികളിലാണ് ചക്ക കയറ്റിഅയയ്ക്കുന്നത്. കൊല്ലം- തെന്മല പാതയിൽ മിക്കയിടങ്ങളിലും തമിഴ്‌നാട് ലോറികളുടെ ശ്രദ്ധയാകർഷിക്കും വിധം റോഡരികിൽ ചക്ക കൂട്ടിയിട്ട് വിൽക്കുന്ന കർഷകരുമുണ്ട്. വീടിന് മുന്നിൽ 'ശല്യ'മായിരുന്ന ചക്ക കൊവിഡ് കാലത്ത് മറ്റൊരു വരുമാനമാർഗം കൂടിയാവുകയാണ്.

 വിൽപ്പന ചുളയായി

സംസ്ഥാന ഫലമായി പ്രഖ്യാപിച്ചപ്പോൾ ചക്കയ്ക്ക് ഡിമാൻഡ് വർദ്ധിച്ചെങ്കിലും പിന്നീട് അത്ര പരിഗണന ലഭിച്ചില്ല. നിരവധി മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ചക്ക പൊളിച്ച് ചുളകളായാണ് വിൽപ്പന. ഒരു ചുളയ്ക്ക് കുറഞ്ഞ വില അഞ്ച് രൂപയാണ്. കവറുകളിലാക്കിയും നൽകുന്നുണ്ട്. വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ചാണ് വിൽപ്പന.

 വില

വലിയ ചക്ക: 100 - 150 രൂപ

നേരത്തെ: 5 - 10 രൂപ

ചക്കക്കുരു: 100 രൂപ

ഒരു ചുള: 5 രൂപ

 പ്രധാന ഇനങ്ങൾ

 തേൻവരിക്ക  മുട്ടംവരിക്ക, സിന്ദൂരവരിക്ക  ചുവന്ന ചുളയൻ വരിക്ക  വെള്ള ചുളയൻ വരിക്ക  മൂവാണ്ടൻചക്ക  കുട്ടനാടൻ വരിക്ക  പശയില്ലാ ചക്ക

''

ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കുമ്പോൾ വിള നഷ്ടം പതിവാണ്. എന്നാൽ പ്രത്യേക പരിപാലനം ഇല്ലാതെ തന്നെ പ്ളാവുകൾ നല്ല വിളവാണ് നൽകുന്നത്.

കർഷകർ