തഴവ: ചെമ്പൻ ചെല്ലിയുടെ ശല്യം രൂക്ഷമായതോടെ കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ കേരകർഷകർ പ്രതിസന്ധിയിൽ. തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലെ മിക്ക പുരയിടങ്ങളിലും അഞ്ചും അതിലധികവും തെങ്ങുകൾ ചെമ്പൻ ചെല്ലിയുടെ ശല്യംമൂലം മണ്ടപോയി നിൽക്കുകയാണ്.
ചെമ്പൻചെല്ലി ബാധിച്ചാൽ മാസങ്ങൾക്കകം തെങ്ങിന്റെ മണ്ട പൂർണമായും അടർന്ന് വീഴുകയാണ് പതിവ്. സമാന ഉയരമുള്ള സമീപത്തെ തെങ്ങുകളിലും ചെല്ലി ബാധിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മുൻപ് പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികൾ തെങ്ങിന്റെ മണ്ട കാലാകാലങ്ങളിൽ വൃത്തിയാക്കി മരുന്ന് തളിച്ചിരുന്നതിനാൽ ചെല്ലിശല്യം കുറവായിരുന്നു. യന്ത്രസഹായത്തോടെ തെങ്ങുകയറ്റം ആരംഭിച്ചതോടെയാണ് നാടൻ മരുന്ന് പ്രയോഗം നടത്തുന്നത് കുറഞ്ഞത്. പഞ്ചായത്തിലെ ഭൂരിഭാഗം കർഷകരും പ്രതിസന്ധിയിലായിട്ടും ഇക്കാര്യത്തിൽ അധികൃതർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഒരു തെങ്ങിന് നൂറ് രൂപ കൂലി
ചിലർ ചെമ്പൻ ചെല്ലിക്ക് മരുന്ന് തളിക്കാനായി എത്താറുണ്ടെങ്കിലും ഒരു തെങ്ങിന് നൂറ് രൂപയാണ് കൂലിയായി ആവശ്യപ്പെടുന്നത്. പ്രദേശത്തെ ഭൂരിഭാഗം കേരകർഷകർക്കും കുറഞ്ഞത് അൻപതിൽ കൂടുതൽ തെങ്ങുകളുള്ളതിനാൽ ഭാരിച്ച തുക ചെലവഴിച്ച് ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാവാത്ത അവസ്ഥയാണ്.
ചെല്ലിയെ തുരത്താനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം വർഷത്തിൽ രണ്ട് തവണ വളത്തിനൊപ്പം വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുത്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
75 സെന്റ് പുരയിടമാണ് വിവിധ കൃഷികൾക്കായി ഉപയോഗിക്കുന്നത്. ഇതിൽ എറ്റവും പ്രധാന വരുമാനമാർഗമാണ് തെങ്ങുകൾ. ചെല്ലിശല്യം മൂലം നിരവധി തെങ്ങുകൾ നാശത്തിലാണ്. സർക്കാർ സഹകരണത്തോടെ ചെല്ലി നിയന്ത്രണത്തിന് ശാസ്ത്രീയ സംവിധാനം കണ്ടെത്തണം.
ഗോപിനാഥൻ പുലരി
മികച്ച കർഷക അവാർഡ് ജേതാവ്, കുലശേഖരപുരം
വർഷങ്ങളോളം പരിപാലിച്ച് പാകമാക്കുന്ന തെങ്ങുകളാണ് വിളവെടുപ്പുകാലത്ത് ചെല്ലി കയറി നശിക്കുന്നത്. ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി കർഷകരെ സഹായിക്കാൻ അധികൃതർ തയ്യാറാവണം.
എൻ.വി. രാജൻ
കർത്തേരിത്തറ
(കേരകർഷകൻ, തഴവ)