ജൈവ വ്യവസ്ഥ തകർന്നു
കൊല്ലം: നിരോധിത വലകൾ ഉപയോഗിച്ച് അടിത്തട്ടിളക്കി ജില്ലയുടെ തീരങ്ങളിൽ മത്സ്യബന്ധനം വ്യാപകമായതോടെ കടൽ 'കരിയുന്നു'. ജൈവ വൈവിദ്ധ്യത്തിന് ദോഷകരമാകുന്ന രീതിയിലാണ് മീൻപിടിത്തം.
രണ്ട് ബോട്ടുകൾ ഉപയോഗിച്ചുള്ള ട്രോൾ വല, തീവ്രതയേറിയ ലൈറ്റ്, കൃത്യമായ കണ്ണി അകലമില്ലാത്ത വലകൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് വർദ്ധിച്ചത്. ഇടയ്ക്ക് പരിശോധന ശക്തമായിരുന്നപ്പോൾ ഇത്തരം മത്സ്യബന്ധത്തിന് തട വീണിരുന്നു. പരിശോധന നിലച്ചതോടെ ഇത്തരക്കാർ വീണ്ടും സജീവമായി. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനവും ഇടിച്ചിട്ടുണ്ട്.
അടിത്തട്ടിളക്കി മീൻകോരൽ
രണ്ട് ഫിഷിംഗ് ബോട്ടുകളുടെ സഹായത്തോടെ ട്രോൾ വലകൾ ഉപയോഗിച്ച് അടിത്തട്ട് ഇളക്കി ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് കോരിയെടുക്കുന്നത്. നിരോധിത മാർഗമാണെങ്കിലും കൂടുതൽ മത്സ്യം ലഭിക്കുമെന്നതാണ് പ്രത്യേകത. ചെറുമത്സ്യങ്ങൾ വളം നിർമ്മാണ കമ്പനികൾ മൊത്തവിലയ്ക്ക് എടുക്കുന്നതിനാൽ വിൽപ്പനയ്ക്കും തടസമുണ്ടാകാറില്ല. ചെറുമീനുകൾ പിടികൂടുന്നത് മൂലം മറ്റ് മത്സ്യത്തൊഴിലാളികൾക്ക് വള്ളക്കാശ് പോലും ലഭിക്കുന്നില്ല.
നേരിടുന്ന പ്രശ്നങ്ങൾ
1. കൂടുതൽ ലഭിക്കുന്നത് നെത്തോലിയും കരിച്ചാളയും
2. ആവശ്യത്തിലധികമായതോടെ വിലയിടിഞ്ഞു
3. ആവശ്യക്കാരും കുറഞ്ഞു
4. ചാള, അയല, കിളിമീൻ, കൊഞ്ച് എന്നിവ കിട്ടാനില്ല
5. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇടിഞ്ഞു
വില കിലോയ്ക്ക്
വറ്റ: 400 - 450
കേരച്ചൂര: 350- 400
ചൂര: 300 - 350
കൊഴുചാള 150 - 200
അയല: 250- 300
നെയ്മീൻ: 750 - 800
ചെമ്പല്ലി: 400 - 450
നെത്തോലി: 60
കരിച്ചാള: 20
''
നേരത്തെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പരവ, കിളി, കോര തുടങ്ങിയ മത്സ്യങ്ങൾ യഥേഷ്ടം ലഭിച്ചിരുന്നു. ഇപ്പോൾ ഇവ പേരിന് പോലും ലഭിക്കുന്നില്ല.
മത്സ്യത്തൊഴിലാളികൾ