model
കാർഡ്ബോർഡിൽ നിർമ്മിച്ച ത്രിമാന രൂപങ്ങളുമായി അശോകൻ തൻ്റെ ചെറിയ വീടിൻ്റെ മുൻപിൽ.

കുന്നിക്കോട് : ഉപയോഗശൂന്യമായ കാർഡ്ബോർഡുകൾ പലരും വലിച്ചെറിയുകയാണ് പതിവ്.എന്നാൽ കോട്ടവട്ടം വെങ്ങള്ളൂർ ഹൗസിൽ അശോകന്റെ കൈയിൽ കാർഡ്ബോർഡ് കിട്ടിയാൽ കൗതുകവസ്തുക്കളായി മാറാൻ അധികം സമയം വേണ്ട. കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും മാതൃകയാണ് പ്രധാനമായും നിർമ്മിക്കുന്നത്. കോട്ടവട്ടം ക്ഷേത്രത്തിന്റെയും ക്രിസ്ത്യൻ പള്ളിയുടെയും ലളിതാംബിക അന്തർജ്ജന സ്മാരക വായനശാലയുടെയും മാതൃകയിലുള്ള ത്രിമാന രൂപങ്ങൾ അശോകൻ നിർമ്മിച്ചതിൽ പ്രധാനപ്പെട്ടതാണ്.

ലോക്ഡൗൺ കാലത്തെ നേരമ്പോക്ക്

മൈക്ക് സെറ്റ് ജോലിക്ക് പോയിരുന്ന അശോകന് കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി. മരംകയറ്റവും കിണർവെട്ടലുമാണ് ഇപ്പോഴത്തെ വരുമാന മാർഗം. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലഘട്ടത്തിൽ വീട്ടിൽ ജോലിയില്ലാതെ ഇരുന്നപ്പോഴാണ് നേരം പോക്കിനായി സഹോദരൻ ഉണ്ണിയുടെ മകന് വേണ്ടി ആദ്യമായി കാർഡ്ബോർഡ് കൊണ്ട് ഒരു ചെറുവീട് അശോകൻ നിർമ്മിച്ചത്.

ജോലിക്ക് പോകുന്നിടത്ത് നിന്നും വഴിയോരങ്ങളിൽ നിന്നുമാണ് കാർഡ് ബോർഡുകൾ ശേഖരിക്കുന്നത്.

അശോകന്റെ കരവിരുതിനെ പ്രോത്സാഹിപ്പിക്കാൻ ഭാര്യ ദിവ്യയും കുടുംബവും കൂട്ടിനുണ്ട്. രണ്ട് മുറികൾ മാത്രമുള്ള ചെറിയ വീട്ടിൽ ഒതുങ്ങുന്നതിൽ കൂടുതൽ രൂപങ്ങൾ ഇതിനോടകം അശോകൻ നിർമ്മിച്ച് കഴിഞ്ഞു.