സ്റ്റോക്ക് ക്രമീകരണമെന്ന് വിശദീകരണം
കൊല്ലം: ജില്ലയുടെ മേയ് മാസത്തെ റേഷൻ വിഹിതം വൻതോതിൽ വെട്ടിക്കുറച്ച് പൊതുവിതരണ വകുപ്പ് കമ്മിഷണറേറ്റ്. ലോക്ക് ഡൗൺ ആശ്വാസമായി പി.എം.ജി.കെ.വൈ സ്കീം പ്രകാരം അനുവദിച്ച ഭക്ഷ്യധാന്യത്തിൽ അവശേഷിക്കുന്ന സ്റ്റോക്ക് ക്രമീകരിക്കാനാണ് കുറവ് വരുത്തിയതെന്നാണ് വിശദീകരണം. എന്നാൽ വെട്ടിക്കുറച്ചതിന്റെ നാലിലൊന്ന് പി.എം.ജി.കെ.വൈ സ്റ്റോക്ക് പോലും ജില്ലയിൽ അവശേഷിക്കുന്നില്ല.
ലോക്ക് ഡൗൺ ആശ്വാസമായി കേന്ദ്ര സർക്കാർ എ.എ.വൈ, മുൻഗണനാ കാർഡുകളിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നു. ഇതിന്റെ കുറച്ച് ഭാഗം റേഷൻകടകളിലും സപ്ലൈകോ ഗൗഡോണുകളിലും വിതരണം ചെയ്യാതെ അവശേഷിക്കുന്നുണ്ട്. ഇതിന്റെ കൃത്യമായ അളവെടുക്കാതെയാണ് ഭക്ഷ്യവിഹിതം വലിയളവിൽ വെട്ടിക്കുറച്ച് ക്രമീകരണം നടത്തിയിരിക്കുന്നത്. ഈമാസത്തെ റേഷൻ വിതരണത്തിലും ഇത് പ്രതിസന്ധി സൃഷ്ടിക്കും. അവശേഷിക്കുന്ന പി.എം.ജി.കെ.വൈ സ്റ്റോക്കിൽ നിന്ന് എ.എ.വൈ, മുൻഗണനാ വിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യം നൽകാനാണ് നിർദ്ദേശം. അതുകൊണ്ട് തന്നെ പലതവണ കയറിയിറങ്ങിയാലും റേഷൻ ലഭിക്കാതെ ഈ വിഭാഗക്കാർ വരുന്ന രണ്ടുമാസം വട്ടംകറങ്ങാനാണ് സാദ്ധ്യത.
വെട്ടിക്കുറച്ചത് ടൺ കണക്കിന്
കൊല്ലം താലൂക്കിന്റെ റേഷൻ വിഹിതത്തിൽ 640 ടണ്ണിന്റെ കുറവാണ് വരുത്തിയത്. 800 ടണ്ണാണ് യഥാർത്ഥത്തിൽ ലഭിക്കേണ്ടത്. എന്നാൽ 160 ടൺ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഏകദേശം 400 ടൺ ലഭിക്കേണ്ട കൊട്ടാരക്കരയ്ക്ക് ഏകദേശം 80 ടൺ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 340 ടൺ ലഭിക്കേണ്ട പുനലൂർ താലൂക്കിൽ 118 ടൺ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
''
പൊതുവിതരണ വകുപ്പ് കമ്മിഷണറേറ്റിൽ നിന്നാണ് വഹിതം വെട്ടിച്ചുരുക്കിയത്. പകരം പി.എം.ജി.കെ.വൈ സ്റ്റോക്ക് ഉപയോഗിക്കാനാണ് നിർദ്ദേശം. അതിന്റെ കണക്ക് എടുത്തുവരികയാണ്.
ഗാനാദേവി, ഡി.എസ്.ഒ